പരമ്പര നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 271 റണ്‍സ്

Update: 2025-12-06 12:29 GMT

വിശാഖപട്ടണം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 270 റണ്‍സില്‍ ഓള്‍ ഔട്ട്. ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കു വേണ്ടത് 271 റണ്‍സ്. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയെ ഏകദിനത്തില്‍ ടോസ് ഭാഗ്യം തുണച്ചത്. തുടരെ 20 മല്‍സരങ്ങളിലെ ടോസ് നഷ്ടത്തിനാണ് 21ാം പോരാട്ടത്തില്‍ വിശാഖപട്ടണത്ത് വിരാമമായത്.

നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ 270ല്‍ ഒതുക്കിയത്. തുടക്കത്തില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ച പ്രോട്ടീസിനെ പിന്നീട് വരുതിയില്‍ നില്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചത് നിര്‍ണായകമായി. പ്രസിദ്ധ് 9.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയും കുല്‍ദീപ് 10 ഓവറില്‍ 41 റണ്‍സ് വഴങ്ങിയുമാണ് 4 വിക്കറ്റുകള്‍ പിഴുതത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സിങും രവീന്ദ്ര ജഡേജയും പങ്കിട്ടു.

ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് സെഞ്ച്വറിയുമായി കളം വാണങ്കിലും മധ്യനിരയേയും വാലറ്റത്തേയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഡി കോക്ക് സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചെങ്കിലും തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റിയാന്‍ റിക്കല്‍ടനെ മടക്കാന്‍ അര്‍ഷ്ദീപ് സിങിനു സാധിച്ചു.

എന്നാല്‍ പിന്നീട് ക്വിന്റന്‍ ഡി കോക്കും ക്യാപ്റ്റന്‍ ടെംബ ബവുമയും ചേര്‍ന്ന സഖ്യം ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 113 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ബവുമ 48 റണ്‍സെടുത്താണ് പുറത്തായത്. ക്വിന്റന്‍ ഡി കോക്ക് 89 പന്തില്‍ 8 ഫോറും 6 സിക്സും സഹിതം 106 റണ്‍സടിച്ചാണ് മടങ്ങിയത്.

ഒരറ്റത്ത് ഡി കോക്ക് നിന്നെങ്കിലും അതിനിടെ മാത്യു ബ്രീറ്റ്സ്‌കെ (24), പിന്നാലെ എയ്ഡന്‍ മാര്‍ക്രം എന്നിവരെ ഒറ്റ ഓവറില്‍ മടക്കി പ്രസിദ്ധ് കൃഷ്ണ പ്രോട്ടീസിനെ ഞെട്ടിച്ചു. തുടക്കത്തില്‍ നല്ല തല്ലു വാങ്ങിയ പ്രസിദ്ധിന്റെ തിരിച്ചു വരവ് കൂടിയായി ഈ ഓവര്‍ മാറി. മാര്‍ക്രം 1 റണ്‍ മാത്രമാണ് നേടിയത്.

ഡെവാല്‍ഡ് ബ്രെവിസ് കൂറ്റനടികളുമായി കളം വാഴുമെന്നു തോന്നിച്ചെങ്കിലും അല്‍പ്പായുസായി. ഒറ്റ ഓവറില്‍ ബ്രെവിസിനേയും മാര്‍ക്കോ യാന്‍സനേയും മടക്കി കുല്‍ദീപും ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. ബ്രെവിസ് 29 റണ്‍സും യാന്‍സന്‍ 17 റണ്‍സും കണ്ടെത്തി. ആദ്യ കളിയില്‍ ഇന്ത്യയെ വിറപ്പിച്ച് അര്‍ധ സെഞ്ച്വറി നേടിയ കോര്‍ബിന്‍ ബോഷിനെയും പിന്നാലെ ലുംഗി എന്‍ഗിഡിയേയും കുല്‍ദീപ് മടക്കി. കോര്‍ബിന്‍ ബോഷ് 9 റണ്‍സും എന്‍ഗിഡി ഒരു റണ്‍സുമായും പുറത്തായി.

ഓട്ട്നീല്‍ ബാര്‍ട്മാനെ (3) പുറത്താക്കി പ്രസിദ്ധാണ് 47.5 ഓവറില്‍ പ്രോട്ടീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്. കേശവ് മഹാരാജ് 20 റണ്‍സുമായി പുറത്താകാതെ നിന്നു.