ഒഴിവാക്കിയവര്‍ക്ക് ബാറ്റിലൂടെ സര്‍ഫറാസിന്റെ മറുപടി, മുംബൈക്ക് ജയം; സെഞ്ചുറിക്കു പിന്നാലെ രോഷപ്രകടനം
മുംബൈ: ദേശീയ ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കി സര്‍ഫറാസ് ഖാന്‍. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈക്കായി 47 പന്തില്‍ നിന്ന് താരം സെഞ്ചുറി നേടി. സര്‍ഫറാസിന്റെ സൂപ്പര്‍ ഇന്നിങ്സിന്റെ ബലത്തില്‍ അസമിനെതിരെ 99 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെ സര്‍ഫറാസിനെ ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു താരത്തിന്റെ ഗംഭീര പ്രകടനം. കഠിനപരിശീലനത്തിലൂടെ ഭാരം കുറച്ച സര്‍ഫറാസ് രണ്ടു വര്‍ഷത്തിനിടെ കളിക്കുന്ന ആദ്യ ട്വന്റി-20 മല്‍സരമാണിത്. ട്വന്റി-20യിലെ തന്റെ കന്നി സെഞ്ചുറിയും താരം പൂര്‍ത്തിയാക്കി.
മുംബൈ ഇന്നിങ്സിന്റെ അവസാന പന്തിലായിരുന്നു സര്‍ഫറാസ് സെഞ്ചുറി തികച്ചത്. 47 പന്തില്‍ 100 റണ്‍സ് നേടിയ താരം ഏഴു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തി പുറത്താകാതെനിന്നു. സെഞ്ചുറി നേടിയതിനു പിന്നാലെ വൈകാരികമായാണ് സര്‍ഫറാസ് ഗ്രൗണ്ടില്‍ പ്രതികരിച്ചത്. ആഘോഷങ്ങള്‍ക്കിടെ നോണ്‍ സ്ട്രൈക്കറായിരുന്ന ബാറ്റര്‍ സര്‍ഫറാസിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതും വിഡിയോയിലുണ്ട്.
മല്‍സരത്തില്‍ 98 റണ്‍സ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. സര്‍ഫറാസിനു പുറമേ, അജിന്‍ക്യ രഹാനെ (33 പന്തില്‍ 42), സായ്!രാജ് ബി. പാട്ടീല്‍ (ഒന്‍പതു പന്തില്‍ 25), ആയുഷ് മാത്രെ (15 പന്തില്‍ 21), സൂര്യകുമാര്‍ യാദവ് (12 പന്തില്‍ 20) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞ അസം 19.1 ഓവറില്‍ 122 റണ്‍സെടുത്തു പുറത്തായി. 33 പന്തില്‍ 41 റണ്‍സടിച്ച മധ്യനിര താരം ശിബ്ശങ്കര്‍ റോയി മാത്രമാണ് അസമിനായി തിളങ്ങിയത്. രണ്ടു പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പൂജ്യത്തിനു പുറത്തായി. മൂന്നോവറുകള്‍ പന്തെറിഞ്ഞ പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ 23 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി.
