കോഴിക്കോട്ടെ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ജു സാംസണിന്റെ ഇഫ്താര്‍ വിരുന്ന്

Update: 2026-03-18 15:37 GMT

കോഴിക്കോട്: ട്വന്റി-20 ലോകകപ്പിന് പിന്നാലെയുള്ള ഒഴിവുവേള കോഴിക്കോട്ടെത്തി ചെലവഴിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ വിജയപീഠത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത താരം, സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ടെ ഹോട്ടലിലെത്തി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടതിന് പിന്നാലെ, സുഹൃത്തുക്കളെയും സഹകളിക്കാരെയും കാണാനായി സഞ്ജു സ്വയം കാര്‍ ഓടിച്ചാണ് കോഴിക്കോട്ടെത്തിയത്. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പ് വിജയത്തിന് ശേഷം വിദേശരാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍, സഞ്ജു തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കേരളത്തില്‍ത്തന്നെ സമയം ചെലവഴിക്കാനാണ് താത്പര്യം കാണിച്ചത്. കോഴിക്കോടന്‍ വിഭവങ്ങള്‍ രുചിച്ചും ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചും സഞ്ജു തന്റെ ലാളിത്യം ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു.

'നിങ്ങള്‍ മഹത്വത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ്; എളിമയും സ്നേഹവും നിറഞ്ഞ വ്യക്തിത്വം' എന്നാണ് സഞ്ജുവിനെ ആദരിച്ചുകൊണ്ട് ഹോട്ടല്‍ അധികൃതര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'ആദരിക്കപ്പെട്ടു എന്ന വാക്കുകള്‍ സഞ്ജുവിന് മുന്നില്‍ തികയാതെ വരും. നിങ്ങള്‍ മഹത്വത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് - താഴ്മയും, ഊഷ്മളതയും, കേരളീയമായ ഭംഗിയും ഒത്തുചേര്‍ന്നൊരാള്‍. നിങ്ങള്‍ തീര്‍ച്ചയായും സവിശേഷമാണ്, സഞ്ജു സാംസണ്‍.' ഹോട്ടല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ വീട്ടിലും സഞ്ജു സന്ദര്‍ശനം നടത്തി. സഹതാരങ്ങളായ അക്ഷയ് ചന്ദ്രന്‍, ഫാബിദ് ഫാറൂഖ്, സല്‍മാന്‍ നിസാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.