സഞ്ജു സാംസണിനെതിരേ വംശീയാധിക്ഷേപം

Update: 2026-03-03 06:42 GMT

കൊല്‍ക്കത്ത: വിന്‍ഡീസിനെതിരേ ഗംഭീര ഇന്നിങ്സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാള്‍പോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങള്‍ ഒഴുകി. എന്നാല്‍ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്സിനെ ചേര്‍ത്തും വംശീയചുവയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്റ്റെങ്കിലും പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു.

കോണ്‍ഗ്രസ് ഇയാള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പോസ്റ്റിട്ടു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.

സൂപ്പര്‍ എട്ടിലെ അവസാനമത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. 50 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ വിജയ റണ്ണും കുറിച്ചു. അനാവശ്യഷോട്ടുകള്‍ക്ക് മുതിരാതെ ശ്രദ്ധയോടെ ബാറ്റേന്തിയാണ് സഞ്ജു ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്.







Tags: