സഞ്ജുവിനും രോഹന്‍ കുന്നുമലിനും സെഞ്ചുറി; വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളം

Update: 2026-01-03 14:09 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 പന്തില്‍ 124 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ വിജയവര കടത്തി. അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. സ്‌കോര്‍ ജാര്‍ഖണ്ഡ് 50 ഓവറില്‍ 311-7, കേരളം 42.3 ഓവറില്‍ 313-2.

തുടക്കം മുതല്‍ തകര്‍ത്തടിച്ച രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. സഞ്ജുവിനെ കാഴ്ചക്കാരനാക്കി രോഹന്‍ തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം കുതിച്ചു. രോഹന് മികച്ച പിന്തുണ നല്‍കിയ സഞ്ജുവും ക്രീസിലുറച്ചതോടെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ജാര്‍ഖണ്ഡ് നായകന്‍ ഇഷാന്‍ കിഷന് റണ്ണൊഴുക്ക് തടയാനായില്ല. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 25.2 ഓവറില്‍ 212 റണ്‍സെടുത്തപ്പോഴെ കേരളം വിജയം ഉറപ്പിച്ചിരുന്നു.

8 ഫോറും 11 സിക്‌സും പറത്തി 78 പന്തില്‍ 124 റണ്‍സെടുത്ത രോഹനെ മടക്കി വികാസ് സിംഗ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നാലെ സഞ്ജുവും തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്റെ സമ്മര്‍ദ്ദമകന്നു. 90 പന്തിലാണ് സഞ്ജു സെഞ്ചുറി തികച്ചത്. 95 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സും പറത്തിയ സഞ്ജു സ്‌കോര്‍ 248ല്‍ നില്‍ക്കെ പുറത്തായെങ്കിലും ബാബാ അപരാജിതും(49 പന്തില്‍ 41), വിഷ്ണു വിനോദും(33 പന്തില്‍ 40) ചേര്‍ന്ന് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് കുമാര്‍ കുഷാഗ്രയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തത്. 137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുമാര്‍ കുഷാഗ്രയായിരുന്നു ജാര്‍ഖണ്ഡിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്‌കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തു.




Tags: