സഞ്ജുവും രാജസ്ഥാനും വേര്‍പിരിയുന്നു; തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് താരം
മുംബൈ: മലയാളി താരം സഞ്ജു സാംസണും ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ വേര്‍പിരിയുന്നു. അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കില്ല. ടീം വിടാനുള്ള താല്‍പര്യം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. മലയാളി താരവും ടീമും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്നും റിപോര്‍ട്ടുകളുണ്ട്. താരം ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളില്‍ ഒന്നിലേക്കു പോകുമെന്ന ചര്‍ച്ചകളും ഇതോടെ സജീവമായി.
തന്നെ വില്‍ക്കുകയോ അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന ആവശ്യമാണ് താരം ടീമിനെ അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്താല്‍ സഞ്ജു മിനി ലേലത്തില്‍ എത്തും. രാജസ്ഥാനായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരമാണ് സഞ്ജു. 149 മല്‍സരങ്ങള്‍ ടീമിനായി കളിച്ചു. 4027 റണ്‍സ് ടീമിനായി നേടി. കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളിലും താരത്തിനു പുറത്തിരിക്കേണ്ടി വന്നു. ചില മത്സരങ്ങളില്‍ താരം ഇംപാക്ട് പ്ലയറായും കളിച്ചു. റിയാന്‍ പരാഗായിരുന്നു ടീമിനെ പല മത്സരങ്ങളിലും നയിച്ചത്. 9 മത്സരങ്ങളാണ് താരം കഴിഞ്ഞ സീസണില്‍ ആകെ കളിച്ചത്. 285 റണ്‍സ് നേടി. ടീമിനു പക്ഷേ പ്ലേ ഓഫിലെത്താന്‍ സാധിച്ചില്ല.
കഴിഞ്ഞ സീസണ്‍ അവസാനിച്ചതിനു പിന്നാലെ തന്നെ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിഹാസ താരം ധോനിയുടെ പിന്‍ഗാമിയായി സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി എത്തുമെന്ന റിപോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പിന്നാലെ സിഎസ്‌കെ സഞ്ജുവിനെ വാങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ സഞ്ജുവിനെ വില്‍ക്കില്ലെന്ന നിലപാടായിരുന്നു രാജസ്ഥാന്. എന്നാല്‍ നിലവില്‍ സഞ്ജു തന്നെ ടീം വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് രാജസ്ഥാന് കനത്ത അടിയായി. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.
