വെടിക്കട്ട് താരം റസ്സല്‍ ഐപിഎല്‍ മതിയാക്കി; കെകെആറിന്റെ പവര്‍ കോച്ചായി നിയമനം
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഇതിഹാസം വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്നു വിരമിച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഐപിഎല്ലില്‍ ആദ്യ സീസണില്‍ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് (ഡല്‍ഹി ക്യാപിറ്റല്‍സ്) കളിക്കാനെത്തിയത്. പിന്നീടാണ് താരം കെകെആര്‍ പാളയത്തിലെത്തിയത്. റസ്സല്‍ 12 സീസണുകളിലായി കെകെആര്‍ ജേഴ്സിയിലുണ്ട്. മറ്റൊരു ടീമില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനമാണ് വിരമിക്കലിനു പിന്നില്‍.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ രണ്ട് കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് വിന്‍ഡീസ് അതികായന്‍. 140 ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചു. 2651 റണ്‍സും 123 വിക്കറ്റുകളുമാണ് നേട്ടം. 2015ലും 2019ലും ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത ജേഴ്സിയില്‍ താരം 2593 റണ്‍സും 122 വിക്കറ്റുകളും നേടിയിട്ടുണ്ട്.