റണ്ണൗട്ട് വിവാദം; സല്‍മാന്‍ ആഗയ്ക്ക് വീണ്ടും തിരിച്ചടി; കടുത്ത നടപടിയുമായി ഐസിസി
ധാക്ക: പാകിസ്താന്‍ താരം സല്‍മാന്‍ ആഗയ്ക്ക് എതിരെ കടുത്ത നടപടിയുമായി ഐസിസി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മല്‍സരത്തിലെ റണ്ണൗട്ട് വിവാദത്തിലാണ് താരത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ആഗയെ താക്കീത് ചെയ്യുകയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയതായി ഐസിസി അറിയിച്ചു.
ക്രിക്കറ്റ് ഉപകരണങ്ങളെ ദുരുപയോഗം ചെയ്തതിന് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനമാണ് താരത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. റണ്ണൗട്ടായി മടങ്ങുന്നതിനിടെ ആ?ഗ ബാറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് തന്റെ രോഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. ഇത് ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 ലംഘനമാണ്. അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ടില്‍ സജ്ജീകരിച്ച സംവിധാനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. സംഭവം ഫീല്‍ഡ് അമ്പയര്‍മാര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി സ്വീകരിച്ചത്.
പാകിസ്താന്‍ ഇന്നിംഗ്‌സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ ആ റണ്ണൗട്ട് പിറന്നത്. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ പന്ത് പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ പ്രതിരോധിച്ചു. പന്ത് നേരെ പോയത് നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സല്‍മാന്‍ അഗയുടെ നേര്‍ക്ക്. പന്ത് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മിറാസ് സല്‍മാനുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്ന സല്‍മാന്‍ പന്ത് കയ്യിലെടുത്ത് ബൗളര്‍ക്ക് നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, സല്‍മാന്‍ പന്തെടുക്കാന്‍ കുനിഞ്ഞ നിമിഷം തന്നെ മിറാസ് വേഗത്തില്‍ പന്ത് കൈക്കലാക്കി റണ്ണൗട്ടാക്കുകയായിരുന്നു.
ഓണ്‍ - ഫീല്‍ഡ് അമ്പയര്‍ തീരുമാനം നേരെ തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. പന്ത് ഡെഡ് ആയിരുന്നില്ലെന്നും ബാറ്റര്‍ ക്രീസിന് പുറത്തായിരുന്നുവെന്നും വ്യക്തമായതോടെ ഔട്ടും വിധിച്ചു. ഇതോടെ പ്രകോപിതനായ സല്‍മാന്‍ അലി ആഗയും ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ മൈതാനത്ത് വാക്ക് തര്‍ക്കവുമുണ്ടായി. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇരുവര്‍ക്കും ഇടയിലേക്ക് എത്തി. സഹതാരം റിസ്വാന്‍ ഇടപെട്ടാണ് സല്‍മാനെ ശാന്തനാക്കി ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയച്ചത്.
