ബെംഗളൂരു: ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പുതിയ ഉടമസ്ഥര്‍. ആദിത്യ ബിര്‍ള ഗ്രൂപ്പുള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് ടീമിനെ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വില്‍പ്പന സംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരികയായിരുന്നു. 1.78 ബില്ല്യണ്‍ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യന്‍ രൂപ) വില്‍പ്പന നടന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പിന് പുറമേ ടൈംസ് ഓഫ് ഇന്ത്യ, ബോള്‍ട്ട് വെന്‍ച്വേഴ്സ്, ബ്ലാക്ക് സ്റ്റോണ്‍സ് പെര്‍പെച്വല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി എന്നീ ഗ്രൂപ്പുകളാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടവര്‍. ടീമിന്റെ നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡുമായി ഇവര്‍ കരാറില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ടീമിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കി.
ആര്‍സിബിയുടെ പുരുഷ, വനിതാ ടീമുകളെല്ലാം ഇനി പുതിയ ഉടമകളുടെ കീഴിലാകും. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ടീമായി ആര്‍സിബി മാറി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആര്‍സിബി തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.
വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (യുഎസ്എല്‍) എന്ന കമ്പനിയായിരുന്നു ആര്‍സിബിയുടെ ആദ്യകാല ഉടമസ്ഥര്‍. 11.1 കോടി ഡോളറിനായിരുന്നു അന്ന് യുഎസ്എല്‍, ടീമിനെ സ്വന്തമാക്കിയത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.
