ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു 2024ലെ ലോറസ് ലോക കായിക പുരസ്‌കാരത്തിനു നാമനിര്‍ദ്ദേശം. ഉജ്ജ്വല തിരിച്ചു വരവ് നടത്തിയ കായിക താരത്തിനുള്ള പുരസ്‌കാരത്തിനാണ് നോമിനേഷന്‍. ഏപ്രില്‍ ഒന്നിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.2022 ഡിസംബര്‍ 30നു കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് താരം മിന്നും ബാറ്റിങുമായി കളം വാണിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് നല്‍കുന്ന ലോറസ് അവാര്‍ഡിനു നോമിനേഷന്‍ ലഭിക്കുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമെന്ന അപൂര്‍വ നേട്ടവും പന്തിനു സ്വന്തമായി. 2000ത്തിനും 2020നും ഇടയിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരം സച്ചിന്‍ സ്വന്തമാക്കിയിരുന്നു. കരിയറിന്റെ അവസാന കാലത്ത് സച്ചിന്‍ 2011ലെ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ നിമിഷമാണ് ആരാധക വോട്ടിലൂടെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ബ്രസീലിയന്‍ ജിംനാസ്റ്റിക്സ് താരം റെബേക്ക ആന്‍ഡ്രെഡ്, അമേരിക്കന്‍ നീന്തല്‍ താരം കേലെബ് ഡ്രസ്സല്‍, സ്വിസ് സ്‌കീ റെയ്സര്‍ ലാറ ഗട് ബെഹ്റാമി, സ്പാനിഷ് മോട്ടോര്‍സൈക്കിള്‍ റെയ്സര്‍ മാര്‍ക്ക് മാര്‍ക്വേസ്, ഓസ്ട്രേലിയന്‍ നീന്തല്‍ താരം അരിയാര്‍നെ ടിറ്റ്മുഷേവ് എന്നിവര്‍ക്കൊപ്പമാണ് തിരിച്ചു വന്ന കായിക താരങ്ങളുടെ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഋഷഭ് പന്ത് ഇടം കണ്ടത്.
തിരിച്ചു വന്ന ശേഷം 2024ലെ ടി20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരങ്ങളില്‍ പന്തും ഉണ്ട്. അയര്‍ലന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ താരം തിളങ്ങി. 20 മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ടെസ്റ്റ് പോരാട്ടത്തിലേക്കുള്ള തിരിച്ചു വരവ് സെഞ്ച്വറി നേടിയാണ് താരം ആഘോഷിച്ചത്. ബംഗ്ലാദേശിനെതിരെ 109 റണ്‍സാണ് താരം നേടിയത്. ന്യൂസിലന്‍ഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ ടോപ് സ്‌കോററും പന്തായിരുന്നു. കിവികള്‍ക്കെതിരായ പോരാട്ടം ഇന്ത്യ 3-0ത്തിനു തൂത്തുവാരിയ പരമ്പരയില്‍ താരം ആറ് ഇന്നിങ്സുകളില്‍ നിന്നു 3 അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 261 റണ്‍സ് വാരി.
ടെന്നീസ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസ്, പോള്‍ വാള്‍ട്ടില്‍ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സ്വീഡന്റെ മോണ്ടോ ഡുപ്ലാന്റിസ്, ഫോര്‍മുല വണ്‍ കാറോട്ട താരം മാക്സ് വെസ്റ്റപ്പന്‍ അടക്കമുള്ളവരാണ് ഇത്തവണത്തെ ലോറസ് പുരസ്‌കാര പട്ടികയിലുള്ളത്.
