ന്യൂസിലന്റ് പരമ്പര; ഋഷഭ് പന്തിന് പരിക്ക്, ടീമിന് പുറത്ത്; ധ്രുവ് ജുറേല്‍ പകരം
വഡോദര: ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പരിക്ക്. കെ എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. എങ്കിലും മധ്യനിരയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാറ്ററുടെ അഭാവമാണ് പന്തിന് പരിക്കേറ്റതോടെ ഉണ്ടായിരിക്കുന്നത്. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന പരിശീലന സെഷനില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റിനെ നേരിടുന്നതിനിടെ എറിഞ്ഞ പന്ത് താരത്തിന്റെ ശരീരത്തിലിടിക്കുകയായിരുന്നു.
പന്തിന് പകരം സഞ്ജു സാംസണോ ഇഷാന്‍ കിഷനോ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധ്രുവ് ജുറേലിനെയാണ് ബിസിസിഐ പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജുറേല്‍ ടീമിനൊപ്പം ചേര്‍ന്നു. ഇഷാന്‍ കിഷനും സഞ്ജു സാംസണും ട്വന്റി-20 ലോകകപ്പ് ടീമിന്റെ ഭാഗമായതോടെയാണ് ജുറേലിന് വഴിതെളിഞ്ഞത്.
പരിക്കേറ്റതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ പന്തിന്റെ പേശിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് താരം പരമ്പരയില്‍ നിന്ന് പുറത്തായത്. പന്ത് ദേഹത്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ ഋഷഭ് പന്ത് പിന്നീട് ബാറ്റിങ് പരിശീലനം നടത്താതെ കയറിപ്പോയിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫ് പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കിലും താരത്തിന് പരിശീലനം തുടരാനായില്ല.
