93 വര്‍ഷത്തിനിടെ ഇന്ത്യയുടെ ടെസ്റ്റ് നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത്
ഗുവാഹത്തി: ഇന്ത്യയുടെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ് പുറത്തായ ശുഭ്മന്‍ ഗില്ലിന് പകരം ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. 93 വര്‍ഷത്തിനിടെ ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റില്‍ നയിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത് ചരിത്രനേട്ടം സ്വന്തമാക്കി.ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം, ടീം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ ആദ്യ ടെസ്റ്റ് മല്‍സരമാണ്. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കഴുത്തിന് പരിക്കേറ്റതിനാലാണ് ഗില്‍ രണ്ടാം മല്‍സരത്തില്‍ നിന്ന് പുറത്തായത്.
മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് മാത്രമാണ്. 2008 മുതല്‍ 2014 വരെയാണ് ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നത്. 2018 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച അതേ വേദിയിലാണ് പന്ത് ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ ടെസ്റ്റ് മല്‍സരം കളിക്കുന്നത്. അതേസമയം മത്സരത്തില്‍ ഗില്ലിന് പകരമായി സായി സുദര്‍ശന്‍ ടീമിലെത്തി. അക്സര്‍ പട്ടേലിനെ പുറത്തിരുത്തി പകരം നിതീഷ് കുമാര്‍ റെഡ്ഡിയെയും കളിപ്പിക്കുന്നുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായി സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്.
