സൂര്യ സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍; നടി ഖുഷി മുഖര്‍ജിക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ്
മുംബൈ: ഇന്ത്യയുടെ ട്വന്റി-20 നായകന്‍ സൂര്യകുമാര്‍ യാദവ് സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി ഖുഷി മുഖര്‍ജിക്കെതിരേ പരാതി. സോഷ്യല്‍ മീഡിയ ഇന്റഫ്ളുവന്‍സറായ ഫൈസാന്‍ അന്‍സാരിയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. നടിയുടെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഗാസിപുര്‍ പോലിസ് സ്റ്റേഷനിലാണ് അന്‍സാരി പരാതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖുഷി മുഖര്‍ജിക്കെതിരെ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നടിക്കെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തണം. ഈ വിഷയം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്ക് നീതി മാത്രമാണ് വേണ്ടത്. എത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ഉടന്‍ തന്നെ ഖുഷി മുഖര്‍ജിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.- അന്‍സാരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
'വിഷയത്തില്‍ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. എല്ലാം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ഞങ്ങള്‍ പൂനം പാണ്ഡെയ്ക്കെതിരേയും 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഞങ്ങളുടെ നിയമസംഘം വളരെ ശക്തമാണ്.'- അന്‍സാരി പറഞ്ഞു.
ഏതെങ്കിലും ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കവേയാണ് നടി സൂര്യകുമാറുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. 'ഒരു ക്രിക്കറ്റ് താരത്തേയും ഡേറ്റ് ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ എനിക്ക് പിന്നാലെയുണ്ട്. സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അധികം സംസാരിക്കാറില്ല. ഞാന്‍ അത് ആഗ്രഹിക്കുന്നുമില്ല.'- ഖുഷി പറഞ്ഞു.
വിഷയത്തില്‍ സൂര്യകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നാലെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍, സൂര്യകുമാര്‍ യാദവുമായി തനിക്ക് പ്രണയബന്ധമില്ലെന്നും ഖുഷി വ്യക്തമാക്കിയിരുന്നു. തന്റെ പ്രസ്താവനകള്‍ തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയുമാണ് ചെയ്തത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അവര്‍ അന്ന് പറഞ്ഞു. സൂര്യകുമാര്‍ യാദവുമായി സൗഹൃദത്തിന്റെ പേരില്‍ സംസാരിച്ചുകൂടെ എന്നും ഇപ്പോള്‍ ബന്ധമില്ലെന്നും അന്ന് നടി പ്രതികരിച്ചിരുന്നു.

