രാജ്യാന്തര വ്യോമപാതകള്‍ അടച്ചു; ട്വന്റി-20 ലോകകപ്പിനെത്തിയ സിംബാബ് വെയും വെസ്റ്റ്ഇന്‍ഡീസും ഇന്ത്യയില്‍ കുടുങ്ങി
ഹൈദരാബാദ്: പശ്ചിമേഷ്യയില്‍ ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര വ്യോമപാതകള്‍ അടച്ചതോടെ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ആവേശം ആശങ്കയ്ക്ക് വഴിമാറുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ വെസ്റ്റ് ഇന്‍ഡീസ് ടീം കൊല്‍ക്കത്തയിലും സിംബാബ്വെ ടീം ഡല്‍ഹിയിലും കുടുങ്ങിക്കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രാന്‍സിറ്റ് ഹബ്ബായ ദുബായ് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചതാണ് കരീബിയന്‍ ദ്വീപുകളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള ടീമുകളുടെ മടക്കയാത്ര തടസ്സപ്പെടുത്തിയത്.
സിക്കന്ദര്‍ റാസയുടെ നേതൃത്വത്തില്‍ ഇത്തവണ ലോകകപ്പില്‍ അത്ഭുതങ്ങള്‍ കാട്ടിയ സിംബാബ്വെ ടീം ഇന്നലെ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് തോല്‍വി അറിയാതെ സൂപ്പര്‍-8ല്‍ എത്തിയ അവര്‍ ആരാധകരുടെ വലിയ കൈയടി നേടിയാണ് മടങ്ങാനൊരുങ്ങിയത്.
എന്നാല്‍ നിലവിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവര്‍ക്ക് ഡല്‍ഹിയിലെ ഹോട്ടലില്‍ തന്നെ തുടരേണ്ടി വന്നു. സമാനമായ രീതിയില്‍ ഇന്ത്യക്കെതിരായ അവസാന മല്‍സരത്തിന് ശേഷം കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങാനിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും യാത്രാനുമതിക്കായി ഇപ്പോള്‍ കാത്തിരിക്കുകയാണ്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ വ്യോമപാതകള്‍ ഒഴിവാക്കി യൂറോപ്പ്, സിംഗപ്പൂര്‍ അല്ലെങ്കില്‍ ബാങ്കോക്ക് വഴി ബദല്‍ റൂട്ടുകള്‍ കണ്ടെത്താനാണ് ലോജിസ്റ്റിക്സ് വിഭാഗം ശ്രമിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ കൂട്ടത്തോടെ വഴിതിരിച്ചുവിടുന്നതും ടിക്കറ്റ് നിരക്കിലെ വന്‍ വര്‍ധനവും പുതിയ ക്രമീകരണങ്ങള്‍ നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. താരങ്ങള്‍ക്ക് പുറമെ മാച്ച് ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും സമാനമായ യാത്രാപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടീമുകള്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും ലോകകപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഐസിസി വ്യക്തമാക്കി. 2026 മാര്‍ച്ച് നാലിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും തമ്മിലും മാര്‍ച്ച് അഞ്ചിന് മുംബൈയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുമാണ് സെമി പോരാട്ടങ്ങള്‍ നടക്കുന്നത്.
എന്നാല്‍ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

