ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകര്‍ക്കായി ആര്‍സിബിയുടെ ആദരം; 11 സീറ്റുകള്‍ അവര്‍ക്കായി ഒഴിച്ചിടും

Update: 2026-03-24 10:13 GMT

ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട 11 ആരാധകര്‍ക്ക് ആദരമൊരുക്കാന്‍ ആര്‍സിബിയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും. ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകള്‍ ഒഴിച്ചിടും. ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര മല്‍സരങ്ങളിലും ഈ 11 സീറ്റുകള്‍ സ്ഥിരമായി ഒഴിച്ചിട്ട് ആദരവ് പ്രകടിപ്പിക്കും. പ്രത്യേകമായി വേര്‍തിരിച്ചായിരിക്കും സീറ്റുകള്‍ ഒഴിച്ചിടുക.

ആ ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും വേദനാജനകമാണ്. അവരെ വേദനിപ്പിക്കാനല്ല, മറിച്ച് എന്നും ഓര്‍മ്മിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ആര്‍സിബി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. മാര്‍ച്ച് 28-ന് നടക്കുന്ന ഈ മല്‍സരത്തിന് മുന്നോടിയായി ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തില്‍ ഒരു മിനിറ്റ് മൗനം ആചരിക്കും. മരിച്ചവരുടെ പേരുകള്‍ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്: കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. വ്യാഴാഴ്ച 500 വളന്റിയര്‍മാരെ പങ്കെടുപ്പിച്ച് വിപുലമായ സുരക്ഷാ പശോധന നടത്തും.

കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിശദമായ പരിശോധന നടത്തി ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ സീസണിലെ ആര്‍സിബിയുടെ 7 ഹോം മത്സരങ്ങളില്‍ 5 എണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിലും 2 എണ്ണം റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.