ഐപിഎല്‍; ആര്‍സിബി-ഹൈദരാബാദ് ഉദ്ഘാടന മല്‍സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍; സര്‍ക്കാര്‍ അനുമതി ലഭിച്ചു
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. 2026 ഐപിഎല്‍ സീസണിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയത്.
മാര്‍ച്ച് 28 ശനിയാഴ്ച നടക്കുന്ന ഐപിഎല്‍ 19-ാം പതിപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിടുക. കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് ബിസിസിഐ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മാര്‍ച്ച് 13-ന് സ്റ്റേഡിയത്തില്‍ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു.
ഈ സീസണില്‍ ആര്‍സിബിയുടെ ഹോം മല്‍സരങ്ങളില്‍ അഞ്ചെണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ശേഷിക്കുന്ന രണ്ട് ഹോം മല്‍സരങ്ങള്‍ റായ്പൂരിലാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഐപിഎല്ലിലെ ഒരു പ്ലേ ഓഫ് മല്‍സരത്തിനും കലാശപ്പോരാട്ടത്തിനും ചിന്നസ്വാമി സ്റ്റേഡിയം വേദിയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ക്രമീകരണങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.
