ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് ആര്‍സിബി

Update: 2025-08-30 06:58 GMT

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആര്‍സിബി സഹായധനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ജൂണ്‍ 3ന് നടന്ന ഐപിഎല്‍ ഫൈനലിന് തൊട്ടടുത്ത ദിവസം ജൂണ്‍ നാലിന് ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത്. 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ ഹൃദയം തകര്‍ന്ന ദിനമാണ് ജൂണ്‍ 4, അന്ന് ഞങ്ങളുടെ കുടുംബത്തിലെ 11 പേരെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അവര്‍ ഞങ്ങളുടെ ഭാഗമായിരുന്നു. അവരുടെ അസാന്നിധ്യം ഞങ്ങളുടെ ഓര്‍മയില്‍ എക്കാലവും ഉണ്ടാകും. അവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല. അവരോടുള്ള ആദരസൂചകമായി അവരുടെ കുടുംബത്തോടുള്ള അങ്ങേയറ്റം ബഹുമാനത്തോടെ ആദ്യഘട്ടമെന്ന നിലയില്‍ 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയാണ്. ഈയൊരു സാമ്പത്തിക സഹായം കൊണ്ട് മാത്രം അവരോടുള്ള ഞങ്ങളുടെ കരുതല്‍ അവസാനിക്കില്ല, അത് ഇനിയും തുടരുമെന്നും ആര്‍സിബി സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി 'ആര്‍സിബി കെയേഴ്സ്' എന്ന പേരില്‍ ഒരു ഫണ്ട് രൂപീകരിച്ചിരുന്നു. ഐപിഎല്‍ കീരീട നേട്ടത്തിനുശേഷം ബെംഗളൂരുവിലെത്തിയ ആര്‍സിബി ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പോലിസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തിനകത്ത് വിജയഘോഷം നടത്തി. പാസ് മുഖാന്തിരമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം എന്ന് അറിയിച്ചിരുന്നെങ്കിലും 35000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ട് ലക്ഷത്തോളം പേര്‍ ഇരച്ചെത്തിയതോടെ പോലിസിന് നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് കാരണമായത്.