കാബുള്‍: അഫ്ഗാന്‍ താരം റാഷിദ് ഖാനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്താന്‍ പുറത്തായതാണ് റാഷിദ് ഖാന് തിരിച്ചടിയായതെന്നാണ് വിവരം.
ഓപ്പണിങ് ബാറ്റര്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്താന്റെ പുതിയ ക്യാപ്റ്റന്‍. ശ്രീലങ്കയ്‌ക്കെതിരേ വരാനിരിക്കുന്ന പരമ്പര മുതല്‍ ഇബ്രാഹിം സദ്രാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. മാര്‍ച്ച് 13നാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്. 48 മത്സരങ്ങള്‍ അഫ്ഗാനിസ്താനെ നയിച്ച ക്യാപ്റ്റനായിരുന്നു റാഷിദ് ഖാന്‍. അതില്‍ നിന്നും 26 തവണ വിജയിച്ചിട്ടുണ്ട്.
21 തവണ പരാജയം അറിയുകയും ചെയ്തു. 2024 ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ സെമി ഫൈനലില്‍ എത്തിച്ചതാണ് റാഷിദ് ഖാന്റെ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള മികച്ച നേട്ടം. പുതിയ ക്യാപ്റ്റന്‍ എത്തുന്നതോടെ ടീമിന് കൂടുതല്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്.