രഞ്ജി ട്രോഫി സെമി; ഒന്നാം ഇന്നിങ്‌സില്‍ കേരളം മികച്ച നിലയില്‍; മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ചുറി

Update: 2025-02-18 11:25 GMT

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളം മികച്ച നിലയില്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ധസെഞ്ചുറികളുമാണ് കേരള സ്‌കോര്‍ 400 കടത്തിയത്. 147 റണ്‍സോടെ അസ്ഹറുദ്ദീന്‍ പുറത്താകാതെ നില്‍ക്കുകയാണ്. ആദിത്യ സര്‍വാതെയാണ് അസ്ഹറിനൊപ്പം ക്രീസിലുള്ളത്.

സല്‍മാന്‍ നിസാറും അസ്ഹറുദ്ദീനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 52 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിനെ വിശാല്‍ ബി.ജയ്‌സ്വാളാണ് വീഴ്ത്തിയത്. പിന്നാലെയെത്തിയ അഹമ്മദ് ഇമ്രാന്‍ 24 എടുത്ത് പുറത്തായി. ആദ്യ ഇന്നിങ്‌സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനത്തില്‍ മൂന്നാം സെഷനിലെത്തിനില്‍ക്കുമ്പോള്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.

രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങിയിരുന്നു. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല.

തുടര്‍ന്ന് അസ്ഹറുദ്ദീനും സല്‍മാന്‍ നിസാറും (52 ) ക്രീസില്‍ ഒന്നിച്ചു. സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹര്‍. രഞ്ജി സെമിയില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള ബാറ്ററും അസ്ഹറുദ്ദീന്‍തന്നെ. ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്.

നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്റ്റമ്പെടുത്തിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ജലജ് സക്‌സേനയും 30 ആണ് നേരത്തേ പുറത്തായത്.