മുംബൈ: 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്പ്യന്‍മാരായ ആര്‍സിബി മാത്രമല്ല രാജസ്ഥാന്‍ റോയല്‍സും വില്‍ക്കാന്‍ ഉടമകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.. ഇതുമായി ബന്ധപ്പെട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ ജ്യേഷ്ഠ സഹോദരനായ ഹര്‍ഷ ഗോയങ്കയുടെ എക്സ് പോസ്റ്റും ചര്‍ച്ചയായി.
'ഒന്നല്ല, രണ്ട് ഐപിഎല്‍ ടീമുകള്‍ - ആര്‍സിബിയും ആര്‍ആറും - ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന് ഞാന്‍ കേള്‍ക്കുന്നു. ഇന്നത്തെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം മുതലാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാണ്. അതിനാല്‍, വില്‍പ്പനയ്ക്ക് രണ്ട് ടീമുകളും, വാങ്ങാന്‍ സാധ്യതയുള്ള നാലോ അഞ്ചോ പേരുണ്ട്. ആരായിരിക്കും അത് സ്വന്തമാക്കുക - അവര്‍ പുണെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, അതോ യുഎസ്എയില്‍ നിന്നുള്ളവരായിരിക്കുമോ?'ഹര്‍ഷ ഗോയങ്ക എക്സില്‍ കുറിച്ചു.
2024-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ്പൂര്‍ ആസ്ഥാനമായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഫ്രാഞ്ചൈസിയുടെ 65% ഓഹരിയും റോയല്‍സ് സ്പോര്‍ട്സ് ഗ്രൂപ്പിന്റെ (എമര്‍ജിംഗ് മീഡിയ സ്പോര്‍ട്ടിംഗ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ്) ഉടമസ്ഥതയിലാണ്. ലാക്ലാന്‍ മര്‍ഡോക്ക്, റെഡ്ബേര്‍ഡ് ക്യാപിറ്റല്‍ പാര്‍ട്ണേഴ്സ് എന്നിവരാണ മറ്റു പ്രധാന ഓഹരി ഉടമകള്‍.
ആര്‍സിബിയെ വില്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നവംബര്‍ 5-ന് ഉടമകളായ ഡിയാജിയോ സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരു ഫ്രാഞ്ചൈസിയെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് ആദ്യമായി സൂചന നല്‍കിയത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയായ അദാര്‍ പൂനാവാലയുടെ എക്സ് പോസ്റ്റാണ്. വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ 2026 മാര്‍ച്ച് 31-നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു.
