രാജസ്ഥാന്‍ റോയല്‍സിനെ അമേരിക്കന്‍ സംരംഭകനായ കല്‍ സൊമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തു
ജയ്പുര്‍: ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമസ്ഥര്‍. അമേരിക്കന്‍ സംരംഭകനായ കല്‍ സൊമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം രാജസ്ഥാനെ ഏറ്റെടുത്തു. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്ക്കാണ് (1.63 ബില്ല്യണ്‍ യുഎസ് ഡോളര്‍) സ്വന്തമാക്കിയതെന്നാണ് വിവരം. രാജസ്ഥാന്റെ മുഴുവന്‍ ഓഹരികളും വാങ്ങിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തേ രാജസ്ഥാനില്‍ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി.
ഒരു ബില്ല്യണ്‍ യുഎസ് ഡോളറിലധികം തുകയ്ക്ക് വില്‍ക്കുന്ന ആദ്യ ഐപിഎല്‍ ടീമായും രാജസ്ഥാന്‍ മാറി. നേരത്തേ 940 മില്ല്യണ്‍ യുഎസ് ഡോളറിനാണ് സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ 67% ഓഹരികള്‍ ടൊറന്റ് ഗ്രൂപ്പ് വാങ്ങിയതാകട്ടെ 575 മില്ല്യണ്‍ യുഎസ്ഡോളറിനാണ്. രാജസ്ഥാന്റേതാകട്ടെ ഒരു ബില്ല്യണും കടന്ന് 1.63 ബില്ല്യണ്‍ യുഎസ് ഡോളറിലെത്തി.
രാജസ്ഥാനെ വില്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് ആറുമാസത്തോളമായി. നൂറ് ശതമാനം ഓഹരികളും വില്‍ക്കാന്‍ ഉടമസ്ഥര്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു. കരാര്‍ ഒപ്പിട്ടെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ 2026 സീസണിന് ശേഷമമായിരിക്കും ഈ ഉടമസ്ഥക്കൈമാറ്റമുണ്ടാകുകയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.