ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചാലഞ്ചേഴ്സ് ബംഗളുരു ബംഗളൂരുവില്‍ നടത്താനിരുന്ന വിജയ റാലി റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലിസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. വിജയാഘോഷം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രമാക്കി. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധകരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ തീരുമാനിരുന്നു.
വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കണക്കിലെടുത്ത് പോലിസ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് മണി മുതല്‍ ഒന്‍പതുമണിവരെ നീളുന്ന പരിപാടികളാണ് ടീം സംഘടിപ്പിച്ചിരിക്കുന്നത്.