ദുബായ്: പ്രകോപനപരമായ ആംഗ്യങ്ങള്‍ക്കൊണ്ട് വിവാദമായിരുന്നു ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മല്‍സരം. ഇതേ തുടര്‍ന്ന് രണ്ട് പാക് താരങ്ങള്‍ക്കെതിരേ ബിസിസിഐ ഐസിസിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിസിബി ചീഫും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മൊഹസിന്‍ നഖ് വിയാണ് പുതിയ വിവാദത്തിന് തിരികൊളിത്തിയിരിക്കുന്നത്. എക്‌സില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു സ്ലോ മോഷന്‍ വീഡിയോയാണ് നഖ് വി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു എയര്‍ക്രാഫ്റ്റ് സഞ്ചരിക്കുന്നത് പിന്നീട് പെട്ടെന്ന് തകരുന്നൂ എന്ന് തോന്നതുമായ ആംഗ്യമാണ് കാണിക്കുന്നത്.എന്നാല്‍ തന്റെ ഫ്രീകിക്ക് എങ്ങിനെയാണ് ഗോള്‍ ആയി മാറുന്നത് എന്നാണ് റൊണാള്‍ഡോ വീഡിയോയില്‍ കാണിക്കുന്നത്. ഈ വീഡിയോയാണ് നഖ് വി പോസ്റ്റ് ചെയ്തിരിക്കുന്നത്. നഖ് വിയ്‌ക്കെതിരേ നടപടിയെടുക്കണമെന്നാണ് എക്‌സില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആംഗ്യം പാക് താരം ഹാരിസ് റൗഫ് ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ നിന്നും കാണിച്ചിരുന്നു. ഇതും ഏറെ വിവാദമായിരുന്നു.