ഇംഗ്ലണ്ടിലെ ദി ഹണ്‍ഡ്രഡില്‍ പാക് താരങ്ങള്‍ക്ക് വിലക്ക്

Update: 2026-02-20 15:26 GMT

ലണ്ടന്‍: ഇന്ത്യയുമായുള്ള ഉടക്ക് ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ദി ഹണ്‍ഡ്രഡിലും പാകിസ്താന് തിരിച്ചടിയാകുന്നു. ദി ഹണ്‍ഡ്രഡില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ള ടീമുകള്‍ പാകിസ്താന്‍ താരങ്ങളുമായി കരാറിലേര്‍പ്പെടേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ടൂര്‍ണമെന്റില്‍ പാക് താരങ്ങള്‍ ഭാഗിക ബഹിഷ്‌കരണം നേരിടേണ്ടിവരും.

പാകിസ്താന്‍ കളിക്കാര്‍ ദി ഹണ്‍ഡ്രഡ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ ബിസിസിഐ പാക് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതുപോലുള്ള വിലക്ക് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയില്‍ ദി ഹണ്‍ഡ്രഡില്‍ കളിക്കുന്ന ടീമുകള്‍ പാക് താരങ്ങളെ ലേലത്തില്‍ എടുത്തേക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസിബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ദി ഹണ്‍ഡ്രഡില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധമില്ലാത്ത ടീമുകള്‍ മാത്രമാകും പാക് താരങ്ങളെ ലേലത്തില്‍ ടീമിലെടുക്കുക. ഇന്ത്യന്‍ നിക്ഷേപമുള്ള ലോകത്തെ വിവിധ ലീഗുകളില്‍ ഈ അലിഖിത നിയമം നിലവിലുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.

2021-ലെ ആദ്യ സീസണ്‍ മുതല്‍ ദി ഹണ്‍ഡ്രഡിലെ എട്ട് ഫ്രാഞ്ചൈസികളില്‍ ഐപിഎല്‍ ഉടമകളുടെ നിക്ഷേപമുണ്ട്. നിലവില്‍, മാഞ്ചെസ്റ്റര്‍ സൂപ്പര്‍ ജയന്റ്സ്, എംഐ ലണ്ടന്‍, സതേണ്‍ ബ്രേവ്, സണ്‍റൈസേഴ്‌സ് ലീഡ്സ് എന്നീ ടീമുകള്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ളതാണ്.

18 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,000 ക്രിക്കറ്റ് താരങ്ങള്‍ ദി ഹണ്‍ഡ്രഡ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള 50-ലധികം കളിക്കാരും ഉള്‍പ്പെടും. ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവരാണ് ദി ഹണ്‍ഡ്രഡിലെ മുന്‍ സീസണുകളില്‍ കളിച്ച പാകിസ്താന്‍ താരങ്ങള്‍.

2008-ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് വന്നത്. അതിനുമുമ്പ് ഷുഐബ് അക്തര്‍, സൊഹൈല്‍ തന്‍വീര്‍, കമ്രാന്‍ അക്മല്‍, യൂനിസ് ഖാന്‍, മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രീദി, ഷുഐബ് മാലിക്ക്, മുഹമ്മദ് ആസിഫ്, സല്‍മാന്‍ ബട്ട് തുടങ്ങിയ താരങ്ങളെല്ലാം വിവിധ ഐപിഎല്‍ ടീമുകള്‍ക്കായി കളിച്ചിരുന്നു.