ഫീല്‍ഡിങിനിടെ തോളിടിച്ച് വീണു; പാക് താരം ആശുപത്രിയില്‍

Update: 2026-03-14 10:55 GMT

ധാക്ക: ബംഗ്ലദേശുമായുള്ള ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ പാക് ഓള്‍റൗണ്ടര്‍ ഹുസൈന്‍ തലത് ആശുപത്രിയില്‍. ധാക്കയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങിനിടെയാണ് ഹുസൈന്‍ തലതിന് പരുക്കേറ്റത്. രണ്ടാം ഇന്നിങ്‌സിലെ ആറാം ഓവറില്‍ ലിട്ടന്‍ ദാസ് ബൗണ്ടറിയിലേക്ക് അടിച്ച പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ തലത് വീഴുകയായിരുന്നു.

പന്തിലേക്ക് മാത്രം ശ്രദ്ധിച്ച് ബൗണ്ടറി ലൈനരികത്തേക്ക് ഓടിയെത്തിയ താരം പന്ത് തട്ടിയകറ്റി പിന്നാലെ ഇടത്തേ തോളിടിച്ച് വീഴുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞിരിക്കുന്ന ഹുസൈന്‍ തലത്തിനരികിലേക്ക് സഹതാരങ്ങളും മെഡിക്കല്‍ ടീമും ഓടിയെത്തി. സ്‌ട്രെച്ചര്‍ കൊണ്ടുവന്ന് ഉടന്‍ തന്നെ താരത്തെ ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പരുക്കിന്റെ സ്വഭാവം വിശദീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പാകിസ്താാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 'ഹുസൈന്‍ തലത്തിന് വിദഗ്ധ ചികില്‍സ നല്‍കി വരികയാണ്. വിശദമായ വിവരങ്ങള്‍ തുടര്‍ പരിശോധനകള്‍ക്ക് ശേഷം അറിയിക്കു'മെന്നും പിസിബി കൂട്ടിച്ചേര്‍ത്തു.