ബലാല്‍സംഗക്കേസ്, പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി ഇംഗ്ലണ്ടില്‍ അറസ്റ്റില്‍
ലണ്ടന്‍: ബലാല്‍സംഗക്കേസില്‍ പാകിസ്താന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. പാകിസ്താന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ബലാല്‍സംഗ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 24കാരനായ ഹൈദര്‍ അലിയെ പാക് ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹൈദര്‍ അലിക്ക് എല്ലാതരത്തിലുള്ള നിയമസഹായവും നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
മാഞ്ചസ്റ്ററില്‍ നിന്നുള്ള സ്ത്രീയുടെ പരാതിയിലാണ് ഹൈദര്‍ അലിക്കെതിരെ പോലിസ് ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 23ന് മാഞ്ചസ്റ്ററിലെ ഒരു വസതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപോര്‍ട്ട്. പോലിസ് കസ്റ്റഡിയിലെടുത്ത ഹൈദര്‍ അലിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റ് പോലിസ് യാത്രവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ ദേശീയ ടീമിനുവേണ്ടി രണ്ട് ഏകദിനങ്ങളിലും 35 ട്വന്റി-20 മല്‍സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഹൈദര്‍ അലി.
ഇംഗ്ലണ്ട് എ ടീമിനെതിരെ രണ്ട് ത്രിദിന മല്‍സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്ന പരമ്പരയില്‍ കളിക്കാനായി സൗദ് ഷക്കീലിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഷഹീന്‍സ് ടീം കഴിഞ്ഞ മാസമാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 55ഉം അവസാന ഏകദിനത്തില്‍ 71ഉം റണ്‍സെടുത്ത് ഹൈദര്‍ തിളങ്ങുകയും ചെയ്തിരുന്നു.