ഇന്ത്യയുമായുള്ള ലോകകപ്പ് മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാകിസ്താന്‍ പുനപരിശോധിക്കും; നടപടി ശ്രീലങ്കയുടെ ആവശ്യത്തെ തുടര്‍ന്ന്
കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പുനപരിശോധന നടത്തണമെന്ന് പിസിബിയോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ആവേശകരമായ ഈ മല്‍സരം ഉപേക്ഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ടൂര്‍ണമെന്റിന്റെ ശോഭ കെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്ക രംഗത്തെത്തിയത്. ലോകകപ്പിലെ ഏറ്റവും വാണിജ്യ മൂല്യമുള്ള മല്‍സരമാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഇത് നടന്നില്ലെങ്കില്‍ ടിക്കറ്റ് വരുമാനം, ടൂറിസം, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയില്‍ ശ്രീലങ്കയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.
സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ മറ്റു രാജ്യങ്ങള്‍ പാകിസ്താന്‍ കളിക്കാന്‍ മടിച്ചപ്പോള്‍, ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ താരങ്ങളെ പാകിസ്താനിലേക്ക് അയച്ച കാര്യം ലങ്കന്‍ ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു. ആ സൗഹൃദത്തിന്റെ പുറത്ത് പാകിസ്താന്‍ ഈ മല്‍സരത്തിനായി സഹകരിക്കണമെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ ആവശ്യപ്പെട്ടത്. പിസിബി ചയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുമായി ഷമ്മി സില്‍വ നേരിട്ട് സംസാരിച്ചു. പാക് സര്‍ക്കാര്‍ നിലവില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ശ്രീലങ്കയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട്, ഇക്കാര്യം വീണ്ടും പാക് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് നഖ്വി ഉറപ്പുനല്‍കി.
വിദേശയാത്രയിലായിരുന്ന മൊഹ്സിന്‍ നഖ്വി ഇന്ന് തിരിച്ചെത്തുന്നതോടെ പാക് സര്‍ക്കാരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ബഹിഷ്‌കരണത്തില്‍ നിന്ന് പാകിസ്താന്‍ പിന്മാറുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
