ബാബര്‍ അസമിനെ ഫൈനലിന് മുമ്പ് ടീമിലെത്തിക്കാന്‍ പാകിസ്താന്‍; ആവശ്യം തള്ളി ഏഷ്യാകപ്പ് അധികൃതര്‍
ദുബായ്: ഏഷ്യ കപ്പ് ഫൈനലിന് മുമ്പ് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ടീമിലെത്തിക്കാന്‍ പിസിബി നീക്കം നടത്തിയതായി നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം ഏഷ്യ കപ്പ് അധികൃതര്‍ തള്ളിയതായാണ് പുതിയ റിപോര്‍ട്ട്. ഇന്ത്യക്കെതിരായ സമീപകാലത്തെ രണ്ട് തോല്‍വികള്‍ക്ക് ശേഷം ബാബര്‍ അസമിനെ ടീമില്‍ തിരികെ ഉള്‍പ്പെടുത്തണമെന്ന് പിസിബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ്, ബാബര്‍ അസമിനെ ഏഷ്യ കപ്പിനായി യുഎഇയിലേക്ക് അയക്കാന്‍ പോലും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാലല്ലാതെ ടീമില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് സംഘാടകര്‍ ബോര്‍ഡിനെ അറിയിച്ചതായും റിപോര്‍ട്ടിലുണ്ട്. ഒരു പാകിസ്താന്‍ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്ത്.
ബാറ്റിങ് നിര തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ പാകിസ്താന്‍ ടീമില്‍ ഒരു മുതിര്‍ന്ന ബാറ്ററുടെ അഭാവം അനുഭവപ്പെടുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നായകന്‍ സല്‍മാന്‍ ആഗയെ സംബന്ധിച്ചും നിര്‍ണായക തീരുമാനമെടുത്തേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ബാബര്‍ അസം പാക് ടീമില്‍ തിരിച്ചെത്താനാണ് സാധ്യതയെന്നും റിപോര്‍ട്ടില്‍ പറയുന്നു.