'പരസ്പരം ഹസ്തദാനം നല്‍കാത്തത് കളി നിയമങ്ങള്‍ക്കെതിര്'; ഇന്ത്യക്കെതിരേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പ്രതിഷേധമറിയിച്ച് പാകിസ്താന്‍
ദുബായ്: ഏഷ്യാ കപ്പില്‍ വിജയിച്ച ശേഷം താരങ്ങള്‍ക്ക് കൈ കൊടുക്കാതെ ഗ്രൗണ്ട് വിട്ട ഇന്ത്യന്‍ താരങ്ങളുടെ നടപടിക്കെതിരെ പാകിസ്താന്‍ . ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പാക് ടീം പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ താരങ്ങളുടെ നടപടി സ്പോര്‍ട്മാന്‍ സ്പിരിറ്റിനു വിരുദ്ധമെന്നു പാക് ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചിരുന്നു. കളിയുടെ നിയമങ്ങള്‍ക്ക് എതിരാണ് ഇന്ത്യന്‍ താരങ്ങളുടെ നടപടി. മല്‍സര ശേഷമുള്ള സമ്മാനദാന ചടങ്ങിലേക്ക് പാക് നായകനെ അയയ്ക്കാത്തത് പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നുവെന്നും പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
'ഞങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ എതിര്‍ ടീം അംഗങ്ങള്‍ അതിനു തയ്യാറാകാത്തത് നിരാശപ്പെടുത്തി. ഹസ്തദാനത്തിനായി ഞങ്ങള്‍ ഒരുങ്ങി വന്നപ്പോഴേക്കും ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് പോയിക്കഴിഞ്ഞിരുന്നു'- പാക് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി.
ഇന്ത്യ- പാക് പോരാട്ടം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചുറ്റിലും ഉയര്‍ന്ന ഘട്ടത്തിലാണ് ഇന്ത്യ കളിക്കാനെത്തിയതും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതും. ടോസ് സമയത്ത് പാക് നായകന്‍ സല്‍മാന്‍ ആഘയ്ക്ക് കൈ കൊടുക്കാന്‍ സൂര്യകുമാര്‍ തയ്യാറായിരുന്നില്ല. മല്‍സര ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളെ മൈന്‍ഡ് ചെയ്യാതെ മടങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പാക് ടീം രംഗത്തെത്തിയത്.
പഹല്‍ഗാം ആക്രമണത്തിനുശേഷം ആദ്യമാണ് ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നത്. പാകിസ്താനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിന്റെ സൈനികര്‍ക്കാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സമര്‍പ്പിച്ചത്.
