ബംഗ്ലാദേശിന് പിന്തുണ നല്‍കി ട്വന്റി-20 ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു
ഇസ്ലാമാബാദ്: ബംഗ്ലാദേശിനു പിന്നാലെ ഇന്ത്യന്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്ന് പാകിസ്താനും പിന്മാറാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുകള്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ പാകിസ്താന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിക്കുന്ന നിലപാടുകളെ നഖ്വി ശക്തമായി വിമര്‍ശിച്ചു. ഐസിസി കാണിച്ചത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്റെ താത്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ ലോകകപ്പില്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ.
ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ബംഗ്ലാദേശിന് പൂര്‍ണമായും പിന്തുണയ്ക്കുന്നതായും നഖ്വി പറഞ്ഞു. ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ മാറ്റിനിര്‍ത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐസിസി ബംഗ്ലാദേശിനോട് കാണിച്ചത് അനീതിയാണെന്ന നിലപാടാണ് തങ്ങള്‍ക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തി ഐസിസിക്ക് ടൂര്‍ണമെന്റ് നടത്താമെന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാകിസ്താന്‍ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
