ബംഗ്ലദേശിന്റെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍നിന്നു സ്വയം പിന്മാറാനും പാകിസ്താന്‍ തയ്യാറായേക്കും: ബിസിബി, പകരം ടീമിനെ ഇറക്കാന്‍ ഐസിസി

Update: 2026-01-20 07:46 GMT

ധാക്ക: ട്വന്റി-20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകളില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അടുത്ത നീക്കവുമായി ബംഗ്ലദേശ്. വിഷയത്തില്‍ പിന്തുണ തേടി ബംഗ്ലദേശ് സര്‍ക്കാര്‍, പാകിസ്താനെ സമീപിച്ചതായാണ് റിപോര്‍ട്ട്. ''ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പിന്തുണ തേടി ബംഗ്ലദേശ് സര്‍ക്കാര്‍ പാകിസ്താനിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. അനുകൂലമായ സമീപനമാണ് പാകിസ്താനിലെ സ്വീകരിച്ചത്. ബംഗ്ലദേശിന്റെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍നിന്നു സ്വയം പിന്മാറാനും പാകിസ്താന്‍ തയ്യാറായേക്കും''- ബിസിബി വൃത്തം പറഞ്ഞു.

ഇന്ത്യ ബംഗ്ലദേശ് നയതന്ത്ര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗ്ല പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നും തങ്ങളുടെ മല്‍സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്(ഐസിസി) ബിസിബി രണ്ടു തവണ കത്ത് നല്‍കിയെങ്കിലും ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിഷയത്തില്‍ ബിസിബി, പാകിസ്താന്റെ പിന്തുണ തേടിയത്.

ബംഗ്ലദേശിന് ഡെഡ്ലൈന്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ബിസിബിക്ക് ഐസിസി അന്ത്യശാസനം നല്‍കിയെന്നാണ് വിവരം. ഈ മാസം 21ന് അന്തിമതീരുമാനം അറിയിക്കണമെന്നാണ് ശനിയാഴ്ച ധാക്കയില്‍ നടന്ന ചര്‍ച്ചയില്‍ ഐസിസി നിര്‍ദേശിച്ചത്. തങ്ങളുടെ മല്‍സരം ഇന്ത്യയില്‍നിന്നു മാറ്റണമെന്ന ഉറച്ചനിലപാടില്‍ തന്നെയായിരുന്നു ഈ ചര്‍ച്ചയിലും ബിസിബി. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍ കളിക്കാനുള്ള സൗകര്യത്തിനായി ഗ്രൂപ്പ് വച്ചു മാറാമെന്ന നിര്‍ദേശവും ഐസിസിക്കു മുന്നില്‍ ബിസിബി വച്ചു. ഗ്രൂപ്പ് സിയില്‍നിന്ന് ഗ്രൂപ്പ് ബിയിലേക്ക് ബംഗ്ലദേശിനെ മാറ്റി പകരം ഗ്രൂപ്പ് ബിയില്‍നിന്ന് അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.