ഇന്ത്യക്കെതിരായ തോല്‍വി, പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പാക് സൈനിക മേധാവി

Update: 2026-02-16 15:00 GMT

ഇസ് ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലും ഭരണതലത്തിലും വന്‍ അഴിച്ചുപണിക്ക് സാധ്യത. ഇന്ത്യയോട് 61 റണ്‍സിന് തോറ്റതിന് പിന്നാലെ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പ്രധാനമന്ത്രിയോട് അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ ഭാവി ഇതോടെ തുലാസിലായി.

മല്‍സരത്തിലെ പാകിസ്താന്റെ മോശം പ്രകടനം കേവലം ഒരു കായിക പരാജയമായല്ല പാക് സൈന്യം കാണുന്നത്. ടീമിന്റെ തയ്യാറെടുപ്പിലുണ്ടായ വീഴ്ചയും പിസിബിയുടെ കെടുകാര്യസ്ഥതയും ജനറല്‍ അസിം മുനീറിനെ പ്രകോപിപ്പിച്ചതായാണ് വിവരം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മിലിട്ടറി സെക്രട്ടറി വഴി സൈനിക മേധാവി തന്റെ ആശങ്കകള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ടീമിന്റെ പരാജയത്തിന് പുറമെ, സൈനിക മേധാവിയുടെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും നഖ്വിക്ക് തിരിച്ചടിയായി. ഇന്ത്യയുമായുള്ള മല്‍സരത്തിന് മുന്‍പ് ഐസിസിയുമായുള്ള തര്‍ക്കത്തിനിടെ, 'ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ലെന്നും ഞങ്ങളുടെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ എല്ലാവര്‍ക്കും അറിയാമെന്നും' നഖ്വി പറഞ്ഞിരുന്നു. സൈന്യത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരമൊരു പരാമര്‍ശം നടത്തിയത് റാവല്‍പിണ്ടിയിലെ സൈനിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.