ട്വന്റി-20 ലോകകപ്പ് ടീമില്‍ പാക് - അഫ്ഗാന്‍ വംശജര്‍, വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്‌കോട്ട്‌ലന്‍ഡ്
എഡിന്‍ബറോ: ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് സ്‌കോട്ട്ലന്‍ഡ്. അഫ്ഗാന്‍ വംശജനായ സൈനുള്ള ഇഹ്സാനും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. യോഗ്യതാ മല്‍സരങ്ങള്‍ തോറ്റിട്ടും, ബംഗ്ലാദേശിന്റെ പിന്‍മാറ്റത്തെ തുടര്‍ന്ന് അവസാന നിമിഷം ട്വന്റി-20 ലോകകപ്പിലേക്ക് ക്ഷണം ലഭിച്ച സ്‌കോട്ട്ലന്‍ഡ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
റിച്ചി ബെറിംഗ്ടണ്‍ ടീമിനെ നയിക്കും. 2024 ട്വന്റി-20 ലോകകപ്പില്‍ പങ്കെടുത്ത 11 താരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്. ഇവരുടെ പരിചയ സമ്പത്ത് ടീമിന് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പുതിയ ഹെഡ് കോച്ച് ഓവന്‍ ഡോക്കിന്‍സിന്റെ നേതൃത്വത്തിലാണ് ടീം ലോകകപ്പ് മല്‍സരങ്ങള്‍ക്കായി എത്തുന്നത്. ടോം ബ്രൂസ്, ഫിന്‍ലേ മക്രത്ത്, ഒലിവര്‍ ഡേവിഡ്‌സണ്‍ എന്നിവരുടെയും ഇത് ആദ്യ ലോകകപ്പാണിത്.
അതെ സമയം ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ വിസകള്‍ സമയബന്ധിതമായി ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്‌കോട്ട്‌ലന്റ് ക്രിക്കറ്റ് മാനേജ്മെന്റ്. പാകിസ്താന്‍ വംശജനായ പേസര്‍ സഫ്യാന്‍ ഷരീഫിനെ ഉള്‍പ്പെടെ എല്ലാ താരങ്ങള്‍ക്കും വേണ്ടിയുള്ള വിസ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിനെ ഐ സി സി മാറ്റിയിരുന്നു. ഇതിന് പകരമാണ് സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയത്. ഗ്രൂപ്പ് സി-യില്‍ ഇറ്റലി, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, നേപ്പാള്‍ എന്നിവരാണ് സ്‌കോട്ട്ലന്‍ഡിന്റെ എതിരാളികള്‍.
സ്‌കോട്ട്ലന്‍ഡ് ടീം: റിച്ചി ബെറിംഗ്ടണ്‍ (ക്യാപ്റ്റന്‍), ടോം ബ്രൂസ്, മാത്യു ക്രോസ്, ബ്രാഡ്‌ലി കറി, ഒലിവര്‍ ഡേവിഡ്‌സണ്‍, ക്രിസ് ഗ്രീവ്‌സ്, സൈനുള്ള ഇഹ്സാന്‍, മൈക്കല്‍ ജോണ്‍സ്, മൈക്കല്‍ ലീസ്‌ക്, ഫിന്‍ലേ മക്രത്ത്, ബ്രാന്‍ഡന്‍ മക്മുള്ളന്‍, ജോര്‍ജ് മുന്‍സി, സഫ്യാന്‍ ഷരീഫ്, മാര്‍ക്ക് വാട്ട്, ബ്രാഡ്‌ലി വീല്‍.
