വനിതാ ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല

Update: 2025-10-03 17:01 GMT

മുംബൈ: വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മല്‍സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാന്‍ നിന്നില്ല.

പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്. അഞ്ചാം തിയ്യതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം. ഈ പോരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം ചെയ്യില്ല. മാച്ച് റഫറിയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും ഉണ്ടാകില്ല- ബിസിസിഐ വ്യക്തമാക്കി.