ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍ഡ് ടീമില്‍ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു
മുംബൈ: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളും തോറ്റതിന് പിന്നാലെ ന്യൂസിലന്‍ഡ് സ്‌ക്വാഡില്‍ വന്‍ അഴിച്ചു പണി. ഫാസ്റ്റ് ബൗളര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെയും ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ടിം റോബിന്‍സനെയും ടീമില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്കു പകരം സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ന്യൂസിലന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ജിമ്മി നീഷം, ലോക്കി ഫെര്‍ഗൂസണ്‍, ടിം സെയ്‌ഫെര്‍ട്ട് എന്നിവര്‍ ടീം ക്യാമ്പില്‍ ചേരുന്നതിനാലാണ് മറ്റ് രണ്ട് താരങ്ങളെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതെന്ന് ന്യൂസിലന്‍ഡ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റര്‍ ഫിന്‍ അലന്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും. ജനുവരി 31-ന് നടക്കുന്ന അഞ്ചാം ട്വന്റി-20 മല്‍സരത്തില്‍ താരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടീമില്‍ നിന്ന് ഒഴിവാക്കിയ 24 വയസ്സുകാരനായ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ നടന്ന മല്‍സരത്തിലൂടെയാണ് ട്വന്റി-20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരം സ്വന്തമാക്കിയത്.