നേപ്പാളിന് ചരിത്ര ജയം; ട്വന്റി-20യില്‍ വിന്‍ഡീസിനെ തകര്‍ത്തു

Update: 2025-09-28 07:20 GMT

ഷാര്‍ജ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നേപ്പാള്‍ ടീം. ട്വന്റി-20 ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറിയുമായാണ് നേപ്പാള്‍ ഞെട്ടിച്ചത്. മുന്‍ ട്വന്റി-20 ലോക ചാംപ്യന്മാരായ വെസ്റ്റിന്‍ഡീസിനെ കീഴടക്കി നേപ്പാള്‍ ക്രിക്കറ്റ് ടീം. ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് നേപ്പാള്‍ വിന്‍ഡീസിനെ കീഴടക്കിയത്. 19 റണ്‍സിനാണ് ടീമിന്റെ ജയം. നേപ്പാള്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ ആയുള്ളൂ. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിനെതിരേയുള്ള നേപ്പാളിന്റെ ആദ്യവിജയം കൂടിയാണിത്.

തകര്‍ച്ചയോടെയായിരുന്നു ആദ്യം ബാറ്റുചെയ്ത നേപ്പാളിന്റെ തുടക്കം. ടീമിന് 12 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ നായകന്‍ രോഹിത് പൗടേലും കുശാല്‍ മല്ലയും ചേര്‍ന്ന് ടീമിനെ കരകയറ്റി. രോഹിത് 38 റണ്‍സെടുത്തപ്പോള്‍ കുശാല്‍ 30 റണ്‍സെടുത്ത് തിളങ്ങി. ഗുല്‍സാന്‍ ഝാ (22), ദിപേന്ദ്ര സിങ് (17) എന്നിവരുടെ ഇന്നിങ്സുകളും ചേര്‍ന്നതോടെ നേപ്പാള്‍ സ്‌കോര്‍ 148-ലെത്തി. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസും തുടക്കത്തില്‍ തന്നെ പതറി. കയില്‍ മയേഴ്സ് (5), അമിര്‍ ജാന്‍ഗൂ (19), അക്കീം അഗസ്റ്റെ (15), ജെവല്‍ ആന്‍ഡ്രൂ (5) എന്നിവര്‍ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. നേപ്പാള്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ മുന്‍ ലോകചാംപ്യന്മാര്‍ വിറച്ചു. കീസി കാര്‍ട്ടി (16), നവീന്‍ ബിദൈസി (22), ഫാബിയന്‍ അലന്‍ (19), അകീല്‍ ഹൊസൈന്‍(18) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഒടുക്കം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സിന് വിന്‍ഡീസ് ഇന്നിങ്സ് അവസാനിച്ചു.

ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും വിജയം ജെന്‍ സി പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും നേപ്പാള്‍ നായകന്‍ രോഹിത് പൗടേല പറഞ്ഞു. വിജയം രാജ്യത്ത് പ്രതിഷേധത്തില്‍ പങ്കെടുത്ത രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ക്ക് അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് നേപ്പാളിലെ ജനങ്ങള്‍ക്ക് ചെറിയ സന്തോഷം നല്‍കാന്‍ കഴിയുമെങ്കില്‍, അത് നല്ലതാണ്. ഇതൊരു തുടക്കം മാത്രം, ഇനിയുമേറെ വരാനിരിക്കുന്നു- രോഹിത് കൂട്ടിച്ചേര്‍ത്തു.





Tags: