ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്ക. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. സെഞ്ചുറിയുമായി (105) ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസാമിയും 50 റണ്‍സുമായി മാര്‍ക്കോ യാന്‍സെനുമാണ് ക്രീസില്‍. 6 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കരുതലോടെയാണ് നീങ്ങിയത്.
ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി സെനുറാന്‍ മുത്തുസാമിയും കെയ്ല്‍ വെറാനും ശ്രദ്ധയോടെ ബാറ്റേന്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും പ്രോട്ടീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പിന്നാലെ മുത്തുസാമി അര്‍ധസെഞ്ചുറി തികച്ചു. വെറാനും സ്‌കോറുയര്‍ത്തിയതോടെ പ്രോട്ടീസ് മുന്നൂറ് കടന്നു.
സ്‌കോര്‍ 334 ല്‍ നില്‍ക്കേ വെറാനെ പുറത്താക്കി ജഡേജ രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ മാര്‍കോ യാന്‍സന്‍ ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. മുത്തുസാമിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 400 കടക്കുകയും ചെയ്തു. വൈകാതെ മുത്തുസാമിയുടെ സെഞ്ചുറിയുമെത്തി.
ആദ്യദിനം മാര്‍ക്രമും റിക്കെള്‍ട്ടനും ചേര്‍ന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 82 റണ്‍സ് വന്നു. ശ്രദ്ധയോടെ കളിച്ച ഓപ്പണര്‍മാര്‍ അഞ്ചുവീതം ബൗണ്ടറിനേടി. എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് തെറിപ്പിച്ച് ബുംറയാണ് ഇന്ത്യക്ക് ആദ്യവിക്കറ്റ് സമ്മാനിച്ചത്. അതേ സ്‌കോറില്‍ റിക്കെള്‍ട്ടനും വീണു. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് പുറത്തായത്.
തുടരെ രണ്ടുവിക്കറ്റ് വീണെങ്കിലും ദക്ഷിണാഫ്രിക്ക തളര്‍ന്നില്ല. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബവുമയും സ്റ്റബ്സും ചേര്‍ന്ന് ഇന്നിങ്സ് ശാന്തമായി മുന്നോട്ടുകൊണ്ടുപോയി. 112 പന്ത് നേരിട്ടാണ് സ്റ്റബ്സ് 49 റണ്‍സിലെത്തിയത്. ബവുമ 92 പന്തും നേരിട്ടു. സ്റ്റബ്സ് നാല് ഫോറും രണ്ട് സിക്സും നേടി. ബവുമയുടെ ഇന്നിങ്സില്‍ അഞ്ച് ഫോറുണ്ട്. മൂന്നാം വിക്കറ്റില്‍ 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
അവസാനസെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറി. സ്‌കോര്‍ 166 ലെത്തിയപ്പോള്‍ ബവുമയെ ജയ്സ്വാളിന്റെ കൈയിലെത്തിച്ച് രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ സ്റ്റബ്സും വീണു. കുല്‍ദീപ് യാദവിന്റെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച്. വിയാന്‍ മുള്‍ഡറെയും കുല്‍ദീപ് മടക്കി. അവസാന ഓവറില്‍ സോര്‍സിയെ മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച ആശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ആദ്യദിനം കരയ്ക്കുകയറിയത്.

