ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു പുറത്താക്കിയ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക്. താരം അടുത്ത സീസണില്‍ കളിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചു. ലേല നടപടികളുടെ ഭാഗമാക്കി മുസ്തഫിസുറിനെ ഏതെങ്കിലും ടീമില്‍ ഉള്‍പ്പെടുത്താനാണ് പിഎസ്എല്‍ സംഘാടകരുടെ ശ്രമം. 9.2 കോടി രൂപയ്ക്ക് ഐപിഎല്‍ മിനിലേലത്തില്‍ വിറ്റുപോയ മുസ്തഫിസുറിനെ, ഇന്ത്യ ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.
ബിസിസിഐയുടെ നിര്‍ദേശ പ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നാലെ ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ബംഗ്ലദേശ് ടീമിനെ അയക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ബംഗ്ലദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നാണു ടീമിന്റെ ആവശ്യം. ഐപിഎലില്‍ പതിവായി കളിക്കുന്നതിനാല്‍ താരം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അധികം ഇറങ്ങിയിട്ടില്ല. എട്ടു വര്‍ഷം മുന്‍പാണ് മുസ്തഫിസുര്‍ പിഎസ്എലില്‍ ഒടുവില്‍ കളിച്ചത്.
2018ല്‍ ലഹോര്‍ ക്വാലാന്‍ഡേഴ്‌സിന്റെ താരമായിരുന്ന മുസ്തഫിസുര്‍ അഞ്ച് മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിരുന്നു. പിന്നീട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി വിവിധ ഫ്രാഞ്ചൈസികളിലും കളിച്ചു. ഐപിഎലില്‍ ഇടമില്ലെന്നു വ്യക്തമായതോടെയാണ് താരത്തിന്റെ പാകിസ്താനിലേക്കുള്ള മടങ്ങിപ്പോക്ക്. മുസ്തഫിസുറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പിഎസ്എലിന്റെ എക്‌സിലെ പോസ്റ്റ് പാക്ക് ആരാധകര്‍ ആഘോഷിക്കുകയാണ്.