മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; 'ക്രിക്കറ്റിനു മേല്‍ രാഷ്ട്രീയം കെട്ടിവയ്ക്കരുത് , അയല്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തരുത്: ശശി തരൂര്‍

Update: 2026-01-03 17:13 GMT

തിരുവനന്തപുരം: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമിലേക്ക് തിരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുത്. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ 'ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്' എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്. ചില മേഖലകളില്‍ നിന്ന് നമ്മള്‍ ഇത്തരം പ്രതിഷേധങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശം തുടരണം. മുസ്തഫിസുര്‍ റഹ്‌മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുകയോ, ആക്രമണങ്ങളെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെയും, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നങ്ങളെയും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല- ശശി തരൂര്‍ പറഞ്ഞു.

അയല്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നമ്മുടെ എല്ലാ അയല്‍ക്കാരെയും ഒറ്റപ്പെടുത്തുകയും, അവരാരുമായി കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്താല്‍, അത് എങ്ങനെ ഗുണം ചെയ്യും? കായിക രംഗത്ത് രാഷ്ട്രീയം കടന്നുവരാന്‍ അനുവദിക്കരുത്. ബംഗ്ലാദേശ് നമ്മുടെ മൂന്നു വശങ്ങളിലായി ചുറ്റപ്പെട്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവരുമായി കളിക്കുകയാണ് വേണ്ടത്.' തരൂര്‍ പറഞ്ഞു. മുസ്തഫിസുര്‍ റഹ്‌മാനെ ടീമിലെടുത്തതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രംഗത്തുവന്ന ബിജെപിയെ, കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പ്രിയങ്ക് ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു.



Tags: