സൂപ്പര്‍ ഓവറിലെ ജയം ; മുംബൈ പ്ലേ ഓഫില്‍

Update: 2019-05-02 18:59 GMT

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരത്തില്‍ ജയം മുംബൈക്ക് . ജയത്തോടെ മുംബൈ പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചു. സമനിലയില്‍ ആയതിനെ തുടര്‍ന്ന് മല്‍സരം സൂപ്പര്‍ ഓവറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് നല്‍കിയ ഒമ്പത് റണ്‍ ലക്ഷ്യം മുംബൈ അനായാസം നേടുകയായിരുന്നു. മുംബൈക്ക് വേണ്ടി ബാറ്റിങിനിറങ്ങിയ ഹാര്‍ദ്ദിക്ക് സൂപ്പര്‍ ഓവറില്‍ ആദ്യം ഒരു സിക്‌സടിച്ചു. തുടര്‍ന്ന് ഒരു റണ്‍ നേടി ഹാര്‍ദ്ദിക്ക് സ്‌ട്രൈക്ക് പൊള്ളാര്‍ഡിന് നല്‍കുകയായിരുന്നു. പൊള്ളാര്‍ഡ് ഡബിള്‍ ഓടി മുംബൈക്ക് ജയമൊരുക്കുകയായിരുന്നു.സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് റണ്‍സാണ് നേടിയത്. ആനേരത്തെ 163 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 71 റണ്‍സെടുത്ത മനീഷ് പാണ്ഡേയുടെ മികവിലാണ് ഹൈദരാബാദ് സമനില പിടിച്ചത്. സാഹ 25 ഉം മുഹമ്മദ് നബി 31 റണ്‍സുമെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മുംബൈ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡേ, ഹാര്‍ദ്ദിക്ക് പാണ്ഡേ എന്നിവരുടെ രണ്ട് വീതം വിക്കറ്റ് നേട്ടമാണ് ഹൈദരാബാദിനെ 162ല്‍ ഒതുക്കിയത്.

ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ക്വിന്റണ്‍ ഡീക്കോക്കിന്റെ(69) അര്‍ദ്ധസെഞ്ചുറി നേട്ടത്തോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 162 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ(24), സൂര്യകുമാര്‍ യാദവ് (23) എന്നിവര്‍ക്ക് മാത്രമേ മുംബൈ നിരയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.വെടിക്കെട്ട് താരം ഹാര്‍ദ്ദിക്ക് പാണ്ഡേ 18 റണ്‍സ് നേടി പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് മുംബൈയെ ഞെട്ടിച്ചത്. 

Tags:    

Similar News