പ്രതിമാസ ജീവനാംശം ഉയര്‍ത്തണമെന്ന് മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ; ഹരജിയില്‍ ഷമിക്ക് നോട്ടിസയിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: പ്രതിമാസ ജീവനാംശ തുക ഉയര്‍ത്തണമെന്ന ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയുടെ ഹരജിയില്‍ സുപ്രിം കോടതി നോട്ടീസയച്ചു. തനിക്കും മകള്‍ ഐറയ്ക്കും ചെലവിനായി കൊല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹരജിയിലാണ് മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും സുപ്രിം കോടതി നോട്ടീസ് അയച്ചത്.
തനിക്ക് ഏഴ് ലക്ഷവും മകള്‍ക്ക് മൂന്ന് ലക്ഷം രൂപയും ജീവനാംശം വേണമെന്നാണ് ഹസിന്‍ ജഹാന്റെ ആവശ്യം. പ്രതിമാസം നാലു ലക്ഷം രൂപ വീതം നല്‍കാനായിരുന്നു ഷമിക്ക് നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതില്‍ ഒന്നര ലക്ഷം രൂപ ഹസിന്‍ ജഹാനും രണ്ടര ലക്ഷം രൂപ മകള്‍ക്കുവേണ്ടിയുമായിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ഹസിന്‍ ജഹാന്റെ ഹരജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ഷമിയുടെ സമ്പാദ്യം കണക്കിലെടുക്കുമ്പോള്‍ നിലവില്‍ തരുന്ന തുക അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്‍ ഹരജിയില്‍ ആരോപിക്കുന്നത്. എന്നാല്‍ വാദം കേള്‍ക്കവെ മാസം നാല് ലക്ഷം എന്നത് വലിയ തുകയല്ലേ എന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഷമിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും ആഢംബര ജീവിതമാണ് അദ്ദേഹം നയിക്കുന്നതെന്നുമായിരുന്നു ഹസിന്‍ ജഹാന്റെ അഭിഭാഷകന്റെ വാദം.
2012ല്‍ പ്രണയത്തിലായി 2014ലാണ് ഹസിന്‍ ജഹാനെ ഷമി വിവാഹം കഴിക്കുന്നത്. വിവാഹത്തിന് നാലു വര്‍ഷത്തിന് ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ഹസിനൊപ്പമാണ് മകളായ ഐറ താമസം. ഹസിന്‍ ജഹാന് മുന്‍ വിവാഹത്തില്‍ വേറെയും മക്കളുണ്ട്.
