ഐപിഎല്‍ മല്‍സരത്തിന് മുന്നോടിയായി മുഹമ്മദ് ഷമിക്ക് വധഭീഷണി

Update: 2025-05-05 14:03 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഷമിക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ മല്‍സരം നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. 'ഇന്നലെ (ഞായറാഴ്ച) ഉച്ചയ്ക്ക് 2-3 മണിയോടെയാണ് മെയില്‍ വന്നത്, ഞങ്ങള്‍ ഉടന്‍ തന്നെ അംറോഹ പോലിസില്‍ വിവരം അറിയിച്ചു. അമ്രോഹ പോലിസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. റിപോര്‍ട്ട് പ്രകാരം, നിങ്ങളെ ഞങ്ങള്‍ കൊല്ലുമെന്നും സര്‍ക്കാരിന് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മെയിലില്‍ എഴുതിയിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് ഷമി ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലൂടെ ഷമി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. തുടര്‍ന്ന് ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ച ഷമി, 9 വിക്കറ്റുകള്‍ വീഴ്ത്തി ടീം ഇന്ത്യയുടെ കിരീട വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ഐപിഎല്ലില്‍ മുഹമ്മദ് ഷമിക്ക് ഈ സീസണ്‍ അത്ര നല്ലതായിരുന്നില്ല. ഇതുവരെ 9 മത്സരങ്ങള്‍ കളിച്ച ഷമിക്ക് ആറ് വിക്കറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.





Tags: