ഏഷ്യാകപ്പ്; ഇന്ത്യാ-പാക് മല്‍സരം നടക്കട്ടെ, ഉടന്‍ വാദം കേള്‍ക്കില്ല: ഹരജി തള്ളി സുപ്രിംകോടതി

Update: 2025-09-11 07:19 GMT

ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യ പാകിസ്താന്‍ മല്‍സരം നടക്കട്ടെയെന്ന് സുപ്രിം കോടതി. മല്‍സരം റദ്ദാക്കണമെന്ന ഹരജിയിലാണു പ്രതികരണം. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും സുപ്രിം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മല്‍സരം മാത്രമാണെന്നുമായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. പഹല്‍ഗാം ആക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ മല്‍സരം നടക്കുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ സന്ദേശം നല്‍കുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്. എന്നാല്‍ ഹരജിക്കാരുടെ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

'ഞായറാഴ്ചയാണ് മല്‍സരം നടക്കുന്നത്. അതില്‍ ഇനി എന്തു ചെയ്യാനാണ്?' സുപ്രിം കോടതി ചോദിച്ചു. ഞായറാഴ്ച ദുബായില്‍ വച്ചാണ് ഏഷ്യാകപ്പിലെ ഇന്ത്യ പാകിസ്താന്‍ മല്‍സരം. മല്‍സരം നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും എല്ലാ അനുമതിയും ലഭിച്ചതാണെന്നും ബിസിസിഐ നേരത്തേ പ്രതികരിച്ചിരുന്നു. പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.






Tags: