ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് പ്രതിസന്ധിയില്‍; പിന്‍മാറിയത് ഇന്ത്യ, പോയിന്റ് പങ്കുവയ്ക്കാനാവില്ലെന്ന് പാകിസ്താന്‍

Update: 2025-07-22 07:19 GMT

ലണ്ടന്‍: ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ പാകിസ്താനെതിരായ മല്‍സരത്തിന് തൊട്ടു മുമ്പ് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ പോയിന്റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. മല്‍സരത്തിന് തൊട്ടു മുമ്പ് ഇന്ത്യയാണ് മല്‍സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും അതിനാല്‍ പോയിന്റ് പങ്കിടനാവില്ലെന്നുമാണ് പാക് ടീമിന്റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യ അകാരണമായി പിന്‍മാറിയതിനാല്‍ മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്താന്‍ ചാംപ്യന്‍സ് ടീം ഉടമയായ കാമില്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പിലെ റണ്ണറപ്പുകളായ പാകിസ്താന്‍ ഇത്തവണ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ട് ചാംപ്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്ക ചാംപ്യന്‍സിനെതിരെയാണ് പാകിസ്താന്റെ അടുത്ത മല്‍സരം. ആറ് ടീമുകള്‍ മല്‍സരിക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ പാകിസ്താന്‍ ചാംപ്യന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് രണ്ടാമതും ഇംഗ്ലണ്ട് ചാംപ്യന്‍സ് മൂന്നാമതുമുള്ളപ്പോള്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് പിന്നിലായി ഇതുവരെ ഒരു മല്‍സരം പോലും കളിക്കാത്ത ഇന്ത്യ ചാംപ്യന്‍സ് അവസാന സ്ഥാനത്താണ്. ഇന്ന് ദക്ഷിണാഫ്രിക്ക ചാംപ്യന്‍സിനെതിരെ ആണ് ഇന്ത്യന്‍ ചാംപ്യന്‍സിന്റെ അടുത്ത മല്‍സരം.

ഞായറാഴ്ചയായിരുന്നു മുന്‍ താരങ്ങള്‍ മല്‍സരിക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സും പാകിസ്താന്‍ ചാംപ്യന്‍സും തമ്മില്‍ മല്‍സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനങ്ങള്‍ നടത്തിയ ഷഹീദ് അഫ്രീദി പാകിസ്താന്‍ ടീമിലുണ്ടെന്നതും ചൂണ്ടിക്കാട്ടി പാകിസ്താനുമായി കളിക്കാനില്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ നിലപാടെടുത്തോടെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു.അഫ്രീദി ഉള്‍പ്പെട്ട പാക് ടീമിനെതിരെ പ്രദര്‍ശന മല്‍സരം പോലും കളിക്കില്ലെന്ന് ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.




Tags: