ബിസിസിഐ കമന്ററിയില്‍ നിന്ന് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ വിരമിച്ചു; നിറത്തിന്റെ പേരില്‍ വിവേചനമെന്ന് പ്രഖ്യാപനം
മുംബൈ: മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നറും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിസിസിഐ കമന്ററി പാനലില്‍ നിന്ന് വിരമിച്ചു. ടോസ്, പ്രസന്റേഷന്‍ ചടങ്ങുകള്‍ക്ക് അവസരം ലഭിക്കാത്തതിനാലാണ് ബ്രോഡ്കാസ്റ്റിങ് കരിയര്‍ അവസാനിപ്പിക്കുന്നതെന്ന് വെള്ളിയാഴ്ച അദ്ദേഹം അറിയിച്ചു. 1980 കളുടെ തുടക്കത്തില്‍, 17-ാം വയസ്സില്‍ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരം, എക്‌സ് പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജോലിയിലുള്ള കടുത്ത അതൃപ്തി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു എക്‌സിലെ ട്വീറ്റ്.
23 വര്‍ഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ പോലും പുതുമുഖങ്ങള്‍ വന്ന് പിച്ച് റിപ്പോര്‍ട്ടും ടോസും പ്രസന്റേഷനും നടത്തുന്നു. എന്തായിരിക്കാം കാരണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ശിവരാമകൃഷ്ണന്‍ ചോദിക്കുന്നു. വിരമിക്കല്‍ ട്വീറ്റിന് താഴെ തൊലിയുടെ നിറമാണോ പ്രശ്‌നമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ് എന്നായിരുന്നു ശിവരാമകൃഷ്ണന്റെ മറുപടി.
കമന്ററി ബോക്‌സില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറഞ്ഞതിലൂടെ ശ്രദ്ധേയനായിരുന്നു ശിവരാമകൃഷ്ണന്‍. 'ശിവ' എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, 1983-നും 86-നും ഇടയില്‍ ഇന്ത്യയ്ക്കായി ഒന്‍പത് ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളത്തിലിറങ്ങി. 2000-ത്തിലാണ് കമന്റേറ്ററായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ കളിക്കാരുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും, 1984-ല്‍ ഇംഗ്ലണ്ടിനെതിരെ 12 വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചതോടെയാണ് അദ്ദേഹം പ്രശസ്തിയുടെ നെറുകയിലെത്തിയത്. 1985-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ശിവരാമകൃഷ്ണന്‍. ഫൈനലില്‍ പാക്കിസ്ഥാനെ 176/9 എന്ന സ്‌കോറില്‍ ഒതുക്കി ഇന്ത്യയുടെ 8 വിക്കറ്റ് വിജയത്തിന് വഴിയൊരുക്കി. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഒരു സ്പിന്നറെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു ആ പ്രകടനം. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ശിവരാമകൃഷ്ണനായിരുന്നു.

