ഡല്‍ഹി ടെസ്റ്റ്; കുല്‍ദീപിന് അഞ്ചു വിക്കറ്റ്; വിന്‍ഡീസ് 248ന് പുറത്ത്, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

Update: 2025-10-12 08:35 GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ഇന്ത്യയുടെ 518നെതിരെ ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 248ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇടം കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ഇന്ത്യക്ക് 270 റണ്‍സിന്റെ ഒന്നാം ഇന്നിങ് ലീഡുണ്ട്. വാലറ്റത്തെ ചെറുത്ത് നില്‍പ്പാണ് വിന്‍ഡീസിനെ 200 കടത്തിയത്.

ഷായ് ഹോപ്പ് ( 36), ടെവിന്‍ ഇമ്ലാച്ച്(21) , ജസ്റ്റിന്‍ ഗ്രീവ്സ് (17) ജയ്ഡന്‍ സീല്‍സ് (13) എന്നിവരെയാണ് കുല്‍ദീപ് ഇന്ന് പുറത്താക്കിയത്. ഇന്നലെ 41 റണ്‍സ് നേടി ടോപ് സ്‌കോററായ അലിക്ക് അതാനാസെയെ കുല്‍ദീപ് പുറത്താക്കിയിരുന്നു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും ജസപ്രീത് ബുംറയും ഓരോ വിക്കറ്റ് വിക്കറ്റ് വീതം സ്വന്തമാക്കി. വിന്‍ഡീസിനായി 41 റണ്‍സ് നേടി അലിക്ക് അതാനാസെയാണ് ടോപ് സ്‌കോററായത്. ഷായ് ഹോപ്പ് 36ും ടാഗ്‌നരെയന്‍ ചന്ദ്രപോള്‍ 34 റണ്‍സും നേടി.

വാലറ്റത്ത് ആന്‍ഡേഴ്സണ്‍ ഫിലിപ്പ് (24), കാരി പിയറി (23) ജെയ്ഡന്‍ സീലസ് (13) എന്നിവര്‍ ചെറുത്ത് നിന്നു. അതേസമയം ഫോളോ ഓണിനായി വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചു.