ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഇതിഹാസ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും സെഞ്ചുറികളുമായി ആറാടിയതോടെ റെക്കോര്‍ഡുകള്‍ വഴിമാറി. എ ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് വിരാട് കോഹ് ലി ഇന്ന് ചരിത്രം കുറിച്ചത്.
ബെംഗളൂരുവില്‍ ആന്ധ്രയ്ക്കെതിരായ മല്‍സരത്തില്‍ ഡല്‍ഹിക്കായി പാഡണിഞ്ഞ കോഹ് ലി തന്റെ 330-ാം ഇന്നിങ്സിലാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 391 ഇന്നിങ്സുകളില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട സച്ചിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 10,000 റണ്‍സ് പിന്നിട്ട ശേഷം ഓരോ 1000 റണ്‍സ് ബ്ലോക്കിലും ഏറ്റവും വേഗത്തില്‍ എത്തുന്ന താരമെന്ന ബഹുമതിയും ഇപ്പോള്‍ കോഹ്‌ലിക്കൊപ്പമാണ്. നിലവില്‍ എ ക്ലാസ് ക്രിക്കറ്റില്‍ 16,000 റണ്‍സ് തികച്ച ആദ്യ അഞ്ച് താരങ്ങളില്‍ വിരാട് കോഹ്‌ലിക്കും സച്ചിനും പുറമെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, റിക്കി പോണ്ടിംഗ്, ഗ്രഹാം ഗൂച്ച്, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരാണുള്ളത്.
മറ്റൊരു മല്‍സരത്തില്‍ ജയ്പൂരില്‍ സിക്കിമിനെതിരേ മുംബൈക്കായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സിക്‌സര്‍ മഴ തീര്‍ത്താണ് വാര്‍ത്തകളില്‍ നിറഞ്ഞത്. വെറും 62 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് ആകെ 94 പന്തില്‍ നിന്ന് 155 റണ്‍സ് അടിച്ചുകൂട്ടി. 18 ഫോറുകളും 9 സിക്‌സറുകളുമാണ് ആ ഇന്നിങ്‌സിലുണ്ടായിരുന്നത്. എ ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 150-ന് മുകളില്‍ റണ്‍സ് നേടുന്ന താരമെന്ന ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പം (9 തവണ) എത്താനും ഹിറ്റ്മാന് സാധിച്ചു.
കൂടാതെ, 38-ാം വയസ്സില്‍ സെഞ്ചുറി നേടിയതോടെ വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. പശ്ചിമ ബംഗാളിന്റെ അനുസ്തുപ് മജുംദാറാണ് ഈ പട്ടികയില്‍ ഒന്നാമത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റിലേക്ക് മടങ്ങിയെത്തുന്നത്. വിരാട് കോഹ്‌ലി അവസാനമായി 2009-ലും രോഹിത് 2017-ലുമാണ് ഈ ടൂര്‍ണമെന്റില്‍ കളിച്ചത്.
