ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിന മല്‍സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കോഹ് ലിക്ക് സഹായകമായത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കോഹ് ലി ഒന്നാം സ്ഥാനത്ത് എത്തിയത്.
2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അതേസമയം രോഹിത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ 93 റണ്‍സ് ആണ് താരം നേടിയത്. ഏകദിനങ്ങളിലെ കോഹ് ലിയുടെ സമീപകാല പ്രകടനങ്ങള്‍ അസാധാരണമാണ്.
ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135, 102, 65 നോട്ടൗട്ട് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍. 2013 ഒക്ടോബറിലാണ് കോഹ് ലി ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.
ആദ്യ ഏകദിനത്തില്‍ 71 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍ ആണ് രണ്ടാം സ്ഥാനത്ത്.ഏകദിന ബൗളര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങള്‍ കയറി 15-ാം സ്ഥാനത്താണ്. ബംഗ്ലാദേശിന്റെ മെഹിദി ഹസന്‍ മിറാസിനൊപ്പം 15-ാം സ്ഥാനത്തുമാണ്.
41 റണ്‍സിന് 4 വിക്കറ്റ് എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് ശേഷം ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണ്‍ 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി - 69-ാം സ്ഥാനത്തേക്ക് സംയുക്തമായി എത്തി, അവിടെ അദ്ദേഹം ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം സ്ഥാനം പങ്കിട്ടു.
