കോഹ് ലിക്ക് നിരാശ തന്നെ; അടിച്ചുകേറി ഹിറ്റ്മാനും അയ്യരും; ഓസിസിനെതിരേ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

Update: 2025-10-23 06:34 GMT

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ തിരിച്ചുവന്ന് ഇന്ത്യ. ആദ്യ പത്തോവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോഹ് ലിയെയും നഷ്ടമായി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി രോഹിത്തും ശ്രേയസും ചേര്‍ന്ന് കരകയറ്റി. രോഹിത്ത് ശര്‍മ്മ 97 പന്തില്‍ 73 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 77 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി. ഗില്‍ ഒമ്പതും വിരാട് കോഹ് ലി റണ്ണൊന്നുമെടുക്കാതെയുമാണ് പുറത്തായത്. കെ എല്‍ രാഹുല്‍ 11 റണ്‍സെടുത്ത് പുറത്തായി.

ഓസ്‌ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്.അക്്‌സര്‍ പട്ടേല്‍ 18 റണ്‍സെടുത്തും വാഷിങ്ടണ്‍ സുന്ദര്‍ ആറ് റണ്‍സെടുത്തും ക്രീസില്‍ ഉണ്ട്. ഓസിസിനായി ബാര്‍ലെറ്റ്, സാബ എന്നിവര്‍ രണ്ടും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ആദ്യ അഞ്ചോവറില്‍ ഓസീസ് പേസര്‍മാര്‍ പിടിച്ചുകെട്ടി.ആദ്യ അഞ്ചോവറില്‍ ഹേസല്‍വുഡ് രണ്ട് മെയ്ഡിനുകളെറിഞ്ഞപ്പോള്‍ പലപ്പോഴും ഭാഗ്യം കൊണ്ട് രോഹിത് രക്ഷപ്പെട്ടു. ഒരു തവണ റണ്ണൗട്ടില്‍ നിന്നും രണ്ട് തവണ എല്‍ബിഡബ്ല്യൂ അപ്പീലുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും രോഹിത് പിടിച്ചു നിന്നു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അഞ്ചാം പന്തില്‍ വിരാട് കോഹ് ലിയും മടങ്ങിയതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 29 റണ്‍സിലെത്തിയ ഇന്ത്യയെ 15-ാം ഓവര്‍ വരെ ഓസീസ് പേസര്‍മാര്‍ വിറപ്പിച്ചു. പതിനഞ്ചാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.

എന്നാല്‍ ആദ്യ പത്തോവറില്‍ 43 പന്ത് നേരിട്ട് 19 റണ്‍സ് മാത്രമെടുത്ത രോഹിത് പത്തൊമ്പതാം ഓവറില്‍ മിച്ചല്‍ ഓവന്റെ ഓവറില്‍ രണ്ട് സിക്‌സ് പറത്തി ടോപ് ഗിയറിലായി. 74 പന്തില്‍ രോഹിത് അര്‍ധെസ!!െഞ്ചുറിയിലെത്തി.കൂടെ ശ്രേയസ് അയ്യരും കട്ടക്ക് പിന്തുണയുമായി ക്രീസിലുറച്ചതോടെ ഇന്ത്യ 24-ാം ഓവറില്‍ 100 കടന്നു. 67 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ശ്രേയസ് രോഹിത്തിനൊപ്പം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 136 പന്തില്‍ 118 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 97 പന്തില്‍ 73 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത്.