രഞ്ജി ട്രോഫിയില്‍ കേരളത്തിന് ലീഡ്; ഫൈനല്‍ പ്രതീക്ഷയില്‍

Update: 2025-02-21 06:24 GMT

അഹമ്മദാബാദ്:  രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരേ കേരളത്തിന് ലീഡ്. ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്നത് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് വഴിതുറക്കുക രണ്ട് റണ്‍ ലീഡായിരിക്കും.

അഞ്ചാം ദിനം നിര്‍ഭാഗ്യം രണ്ട് ക്യാച്ചിന്റെ രൂപത്തില്‍ വന്നിട്ടും അവസാനം സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിന്റെ രൂപത്തില്‍ കേരളത്തിന് അവസാന വിക്കറ്റും ഫൈനല്‍ ബര്‍ത്തും സമ്മാനിക്കുന്നതിലേക്ക് എത്തിയ അടിമുടി നാടകീയത നിറഞ്ഞ മത്സരം. വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും. ഇരുടീമുകള്‍ക്കും രണ്ടാം ഇന്നിങ്സ് ശേഷിക്കുന്നതിനാല്‍ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളം ഫൈനലിലെത്താനാണ് എല്ലാ സാധ്യതയും. ഫൈനലില്‍ എതിരാളികള്‍ വിര്‍ഭയാകാനാണ് സാധ്യത

അവസാനദിവസം ആദിത്യ സര്‍വാതെയും ജലജ് സക്‌സേനയും ചേര്‍ന്ന് ഗുജറാത്തിനെ സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ക്കയറ്റി കളി കേരളത്തിന്റെ വരുതിയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച മത്സരത്തിനിറങ്ങുമ്പോള്‍ കേരള സ്‌കോറിലേക്ക് 29 റണ്‍സിന്റെ ദൂരമുണ്ടായിരുന്നു ഗുജറാത്തിന്.

എന്നാല്‍ 436-ല്‍ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ കേരളത്തിന് ദിവസത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും സാര്‍വതെ തന്നെ മടക്കി. തലേദിവസം ക്രീസില്‍ പിടിച്ചുനിന്ന ഈ രണ്ടുപേരും പുറത്തായതോടെ ഏറക്കുറെ അപകടം ഒഴിവായി. പക്ഷേ, പത്താംവിക്കറ്റില്‍ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും ഏറെനേരം പിടിച്ചുനിന്നത് കേരളത്തെ കുഴക്കി. ഇരുവരും എട്ടു ഓവര്‍ പിടിച്ചുനിന്ന് ഏഴു റണ്‍സ് നേടി. ഒടുക്കം രണ്ട് റണ്‍സകലെവെച്ച് അര്‍സാനെ സാര്‍വതെ തന്നെ മടക്കി.നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടുദിവസവും ഒരുമണിക്കൂറും ക്രീസില്‍ നിലയുറപ്പിച്ച് 457 റണ്‍സെടുത്തിരുന്നു.